പ്രളയം നീലവസന്തത്തെയും ഇല്ലാതാക്കി; മൂന്നാറിലെ കുറിഞ്ഞി ചെടികള്‍ മഴയില്‍ നശിച്ചു
തൊടുപുഴ: മഹാപ്രളയം വിഫലമാക്കിയത് മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തത്തിനായുള്ള ഒരു വ്യാഴവട്ടത്തെ കാത്തിരിപ്പ് . നീലക്കുറിഞ്ഞി മൊട്ടിട്ടുതുടങ്ങിയ സമയത്താണ് പ്രളയജലം മൂന്നാര്‍ മേഖലയെ തകിടം മറിച്ചത്. കുറിഞ്ഞി പൂക്കാലത്തിന്റെ താളം പേമാരി തെറ്റിച്ചതോടെ കുറിഞ്ഞി സീസണ്‍ എന്ന പ്രതീക്ഷ ഏതാണ്ട് അസ്തമിച്ച മട്ടാണ്. ശക്തമായ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും മൂന്നാര്‍ മേഖലയില്‍ ചാറ്റല്‍ മഴ തുടരുന്നുണ്ട്. സൂര്യപ്രകാശം ഇല്ലാത്തതിനാല്‍ നീലക്കുറിഞ്ഞികള്‍ പൂവിടാന്‍ ഇനിയും വൈകും. നിരവധി കുറിഞ്ഞി ചെടികള്‍ മഴയില്‍ ചീഞ്ഞുനശിച്ചു. ഇനി നീലക്കുറിഞ്ഞി പൂത്താലും അത് മൂന്നാറിന് വസന്തമാകില്ലെന്നുറപ്പാണ്.
റോഡുകളും പാലങ്ങളും തകര്‍ന്നതോടെ മൂന്നാര്‍ മേഖല ഇപ്പോഴും ഒറ്റപ്പെട്ടുതന്നെ. വാഹന ഗതാഗതവും വഴിമുട്ടിയ അവസ്ഥയിലാണ്. ബസുകള്‍ മൂന്നാറിലേക്കു സര്‍വിസ് നടത്തുന്നില്ല. കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയില്‍ മൂന്നാര്‍ - അടിമാലി റൂട്ടിലൂടെ ചെറുവാഹനങ്ങള്‍ കടന്നു പോവുന്നുണ്ട്. പെരിയവരൈ പാലം തകര്‍ന്നതോടെ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലും ഗതാഗതം നിലച്ചു. നീലക്കുറിഞ്ഞി പ്രധാനമായും പൂക്കുന്ന രാജമലയിലേക്ക് പോകുന്നത് ഈ പാലം കടന്നാണ്. റോഡ് സേഫ്റ്റി കമ്മിഷണറുടെ അനുമതി ഇല്ലാതെ ബസുകള്‍ ഓടിക്കേണ്ടെന്ന നിലപാടിലാണു കെ.എസ്.ആര്‍.ടി.സി. കുറിഞ്ഞിക്കാലം മുന്നില്‍ കണ്ടു ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലും സന്ദര്‍ശകര്‍ മുറികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവയെല്ലാം റദ്ദാക്കി. ദിവസേന ശരാശരി രണ്ടായിരം വിനോദസഞ്ചാരികള്‍ എത്താറുള്ള മൂന്നാറില്‍ ഇപ്പോഴുള്ളത് നാട്ടുകാര്‍ മാത്രം. പേമാരിക്കുശേഷം കടകള്‍ തുറന്നെങ്കിലും കച്ചവടം നടക്കുന്നില്ല. റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം അടുത്ത മാസമേ തുടങ്ങൂ. നീലക്കുറിഞ്ഞി സീസണില്‍ ഇക്കുറി പ്രതീക്ഷിച്ചത് 10 ലക്ഷത്തോളം സഞ്ചാരികളെയാണ്. ഇതിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് പുരോഗമിക്കുകയായിരുന്നു. സഞ്ചാരികള്‍ക്ക് സുരക്ഷയും സൗകര്യവും ഒരുക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ജില്ലാ ഭരണകൂടവും പഞ്ചായത്ത്, പൊലിസ്, വനം, ടൂറിസം വകുപ്പുകളും സംയുക്തമായാണ് ഒരുക്കങ്ങള്‍ നടത്തിയത്.
സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ വരെ കെ.എസ്.ഇ.ബി യുടെ ഹൈഡല്‍ ടൂറിസം വിഭാഗം പൂര്‍ത്തിയാക്കിയിരുന്നു. മൂന്നാര്‍ ആര്‍.എ ഹെഡ് വര്‍ക്‌സ് ഡാമിന് പുറകിലായി 1.3 കോടി രൂപ മുടക്കി രണ്ട് പുതിയ പാലങ്ങളും നിര്‍മിച്ചിരുന്നു. മുന്നൊരുക്കങ്ങള്‍ക്ക് മാത്രമായി വന്‍ തുക സര്‍ക്കാര്‍ മുടക്കിക്കഴിഞ്ഞിരുന്നു.
കാന്തല്ലൂരില്‍ കുറിഞ്ഞി പൂത്തു
മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തിലെ തീര്‍ഥമലയില്‍ വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടു. തീര്‍ഥമല ഗോത്രവര്‍ഗ കോളനിയുടെ മുകള്‍ ഭാഗത്തായി വനംവകുപ്പിന്റെ അധീനതയിലുള്ള മലനിരകളിലാണ് പ്രകൃതി നീലവസന്തം ഒരുക്കിയിരിക്കുന്നത്. മൂന്നാറില്‍ നിന്ന് 55 കിലോമീറ്ററോളം അകലെയാണ് കാന്തല്ലൂര്‍.
കാന്തല്ലൂര്‍ പഞ്ചായത്തിലെ മാങ്ങാപ്പാറ കുടിക്ക് സമീപമുള്ള വെള്ളിമല, കാശിമല എന്നിവിടങ്ങളിലും കുറിഞ്ഞി പൂവിട്ടിട്ടുണ്ട്്. ആനമുടി ഷോളാ നാഷനല്‍ പാര്‍ക്കിന്റെയും മറയൂര്‍ നാഷനല്‍ പാര്‍ക്കിന്റെയും അതിര്‍ത്തിയിലാണ് ഈ മലനിരകള്‍. വെള്ളിമല, കാശിമല, തീര്‍ഥമല എന്നിവ വനം വകുപ്പിന്റെ കീഴിലായതിനാല്‍ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. രണ്ടു കിലോമീറ്റര്‍ നീളത്തിലാണ് തീര്‍ഥമലയില്‍ കുറിഞ്ഞി പൂവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."