പ്രളയം മുടക്കിയ വിവാഹസ്വപ്നം പൂവണിയിച്ച് ദുരിതാശ്വാസ ക്യാംപ്
ആലപ്പുഴ: മഹാപ്രളയത്തില്‍ നിന്ന് കേരളം കരകയറുമ്പോള്‍ നടക്കാതെപോയ അമ്മുവിന്റെയും രതീഷിന്റെയും സ്വപ്നം പൂവണിയിച്ച് ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപ്. ഒപ്പം ബന്ധുക്കളായി ക്യാംപിലെ ദുരിതബാധിതരും.
എം.എല്‍.എയും പഞ്ചായത്ത് അധികൃതരും പൊലിസും ഉദ്യോഗസ്ഥരും ക്യാംപ് അംഗങ്ങളും ഒത്തൊരുമിച്ചാണ് രതീഷിന്റെയും അമ്മുവിന്റെയും വിവാഹത്തിന്റെ മധുരം ഇരട്ടിയാക്കിയത്.
ആലപ്പുഴ ബിലീവിയേഴ്‌സ് ചര്‍ച്ച് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപാണ് വധൂവരന്‍മാര്‍ക്ക് വിവാഹ വേദിയായി മാറിയത്. ചമ്പക്കുളം കന്നേകോണിത്തറ വീട്ടില്‍ ബിജുവിന്റേയും നിര്‍മലയുടേയും മകള്‍ അമ്മുവിന്റെയും കണ്ണൂര്‍ സ്വദേശി രതീഷിന്റെയും വിവാഹം ഈ മാസം 21ന് നടക്കേണ്ടതായിരുന്നു.
അമ്മുവിന്റെ കുടുംബം പ്രളയത്തില്‍ അകപ്പെട്ടതോടെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറി. ഇതോടെ മുഹൂര്‍ത്തവും തിയതിയും മാറ്റി.
പിന്നെയുണ്ടായിരുന്നത് ഓഗസ്റ്റ് 27ലെ മുഹൂര്‍ത്തമായിരുന്നു. വീട്ടില്‍ വെള്ളം ഒഴിയാതെ വന്നതോടെ ഈ തിയതിയിലും വിവാഹം നടക്കുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലായി.ഒടുവില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ബിജു ക്യാംപില്‍ പ്രശ്‌നം അവതരിപ്പിച്ചത്. തുടര്‍ന്ന് ക്യാംപ് മുഴുവനും കല്യാണ വീടായിമാറി. വിവാഹം അതിന്റെ എല്ലാ പ്രൗഢിയോടും ചടങ്ങുകളോടെയും നടത്താന്‍ തീരുമാനമായി.
പഞ്ചായത്ത് പ്രസിഡന്റ് കവിത, സെക്രട്ടറി എസ്. വീണ, വൈസ് പ്രസിഡന്റ് ബിപിന്‍രാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, ഉദ്യോഗസ്ഥര്‍, പൊലിസ് സേനാംഗങ്ങള്‍ ഉള്‍പ്പടെയെല്ലാവരുടെയും ഒരു മനസോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹത്തിനുള്ള ക്രമീകരണങ്ങളൊരുക്കി.
എല്ലാ മതാചാരങ്ങളോടെയും സ്വന്തം കുടുംബത്തിലെ കല്യാണമെന്ന പോലെ ക്യാപംഗങ്ങളേവരും കലവറയിലും മറ്റുമായി ഒത്തുചേര്‍ന്നു. അമ്മുവിന്റെ ബന്ധുക്കളില്‍ പലരും പല ക്യാംപുകളിലായാണ് കഴിയുന്നത്. ഇവരെയും നാട്ടുകാരേയും വിവാഹദിവസം സ്‌കൂളിലെത്തിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു. ചടങ്ങുകള്‍ക്കുശേഷം എ.എം ആരിഫ് എം.എല്‍.എയാണ് വരനെ അണിയിക്കാനുള്ള പൂമാല വധുവിന് കൈമാറിയത്.
കണ്ണൂര്‍ ആലങ്കോട് ചാപ്പിലി വീട്ടില്‍ നാണുവിന്റെയും ലതയുടെയും മകനാണ് രതീഷ്. ജനങ്ങളുടെ സഹകരണത്തോടെ ദുരിതാശ്വാസ ക്യാംപില്‍ നടത്തിയ കല്യാണം അതിജീവനത്തിന്റെ മറ്റൊരു സന്തോഷമുഹൂര്‍ത്തം കൂടിയാണ് പകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."