മഹാപ്രളയത്തെ നേരിടുന്നതില്‍ കണ്ടത് ഗുരു വിഭാവനം ചെയ്ത കേരളത്തെ: മന്ത്രി
കൊല്ലം: സംസ്ഥാനത്ത് മഹാപ്രളയത്തെ നേരിടുന്നതില്‍ കണ്ടത് ഗുരു വിഭാവനം ചെയ്ത കേരളത്തെയാണെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂനിയന്‍ സംഘടിപ്പിച്ച ഗുരുദേവ ജയന്തി സമ്മേളനം കൊല്ലം എസ്.എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജാതിയും മതവും വര്‍ണവും മാറ്റിനിറുത്തിയാണ് പ്രളയബാധിതരായ സഹജീവികളെ മറ്റുള്ളവര്‍ രക്ഷിച്ചത്. പ്രളയത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അതിര്‍വരമ്പുകളില്ലാതെ കൂട്ടായ്മ നിലനില്‍ക്കുകയാണ്.
ജാതിയുടെ പേരില്‍ മനുഷ്യനെ തൊട്ടുകൂട്ടാത്തവനായി മാറ്റി നിറുത്തി, എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ചിരുന്ന കാലത്താണ് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന ഗുരു പറഞ്ഞത്. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഭീതിതമായ അവസ്ഥയാണ് അക്കാലത്ത് ഉണ്ടായിരുന്നത്. പ്രളയകാലത്ത് ഒരുമിച്ചത് പോലെ എല്ലാ ജാതിമത മുന്നാക്ക പിന്നാക്ക വേര്‍തിരിവുകളും ഇനിയും നമുക്ക് മാറ്റി നിറുത്താന്‍ കഴിയണം. ഇതിഹാസങ്ങളെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്ത് വേര്‍തിരിവുകള്‍ നിലനിറുത്താന്‍ ചില കേന്ദ്രങ്ങള്‍ പരിശ്രമിക്കുന്നുണ്ട്.
സഹോദര്യവും സ്‌നേഹവും തച്ചുതകര്‍ത്ത് പകയും വിദ്വോഷവും മനുഷ്യ മനസില്‍ നിറയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇക്കൂട്ടരെ ഒറ്റപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം ഉണ്ടാകണമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന വേര്‍തിരുവുകള്‍ ഇല്ലാതാക്കി എല്ലാവരും തുല്യരായ മധ്യരേഖയിലെത്തിയാലെ മുന്നാക്ക പിന്നാക്ക ചിന്ത ഇല്ലാതാവുകയുള്ളുവെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂനിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍ പറഞ്ഞു.
മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ പോലും രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികളെ ചിലര്‍ ആട്ടിപ്പായിച്ചുവെന്നും മോഹന്‍ ശങ്കര്‍ പറഞ്ഞു. എം.നൗഷാദ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ പി.സുന്ദരന്‍, കൊല്ലം യൂനിയന്‍ സെക്രട്ടറി എന്‍.രാജേന്ദ്രന്‍,യൂനിയന്‍ വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണന്‍, യോഗം ബോര്‍ഡ് അംഗം ആനേപ്പില്‍ എ.ഡി.രമേഷ്, ധര്‍മ്മരാജന്‍, യൂനിയന്‍ പഞ്ചായത്ത് അംഗങ്ങളായ ഇരവിപുരം സജീവന്‍, ജി.രാജ്‌മോഹന്‍, അഡ്വ.ഷേണാജി, ജി.ഡി.രാഖേഷ്, വിജയകുമാര്‍, പുണര്‍തം പ്രദീപ്, ബി.പ്രതാപന്‍, ഷാജി ദിവാകര്‍, നേതാജി ബി.രാജേന്ദ്രന്‍, എം.സജീവ്, ശങ്കേഴ്‌സ് ആശുപത്രി ചീഫ് കോ ഓര്‍ഡിനേറ്റര്‍ എസ്.സുവര്‍ണകുമാര്‍, കൊല്ലം യൂനിയന്‍ വനിതാസംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ, സെക്രട്ടറി ഷീലാ നളിനാക്ഷന്‍, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി രജ്ഞിത്ത് രവീന്ദ്രന്‍, കൊല്ലം എസ്.എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.അനിതാ ശങ്കര്‍, വനിതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ.അനിരുദ്ധന്‍ എന്നിവര്‍ സംസാരിച്ചു.പ്രളയത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പച്ച ശേഷമാണ് ജയന്തി സമ്മേളനം ആരംഭിച്ചത്. എസ്.എന്‍.വനിതാ കോളേജ് വിദ്യാര്‍ത്ഥിനികളുടെ ഗുരുദേവ ഗാനമഞ്ജരിയും അരങ്ങേറി. ജില്ലയില്‍ യൂനിയന്‍,ശാഖാ തലങ്ങളില്‍ ഗുരുദേവ ജയന്തി ആഘോഷങ്ങളില്ലാതെ കൊണ്ടാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."