പരസ്യ പ്രസ്താവനകള്‍ക്കു വിലക്ക്; ഇടപെട്ട് കെ.പി.സി.സി; ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ സ്വീകരിച്ച നിലപാടിനെച്ചൊല്ലിയുണ്ടായ തമ്മിലടി കൈവിട്ടുപോകുമെന്നു കണ്ട് പരസ്യപ്രസ്താവനകള്‍ക്കു വിലക്കിട്ട് കെ.പി.സി.സി. സംഘടനയുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന എ.ഐ.സി.സിയുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
ശശി തരൂരിനെ ഗസ്റ്റ് ആര്‍ട്ടിസ്റ്റെന്ന് വിശേഷിപ്പിച്ച കൊടിക്കുന്നില്‍ സുരേഷിനെതിരേ നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയും ശശി തരൂരിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാരുള്‍പ്പടെ രംഗത്തെത്തുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് കെ.പി.സി.സി നേതൃത്വം തിരിച്ചറിഞ്ഞത്.
ഇന്നലെ നിര്‍ദേശം വന്നതിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ചുയര്‍ന്ന ചോദ്യത്തില്‍നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒഴിഞ്ഞു മാറി. പരസ്യപ്രസ്താവന പാടില്ലെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശംപാലിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് ചെന്നിത്തലയുടെ മറുപടി.
അതേസമയം തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷും രംഗത്തെത്തി. തരൂരിന്റെ ലോക പരിചയവും കഴിവും പ്രാപ്തിയും തനിക്കും സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സന്തോഷമാണെന്നും അദ്ദേഹത്തെ ഓര്‍ത്ത് എല്ലാ കേരളീയരെയും പോലെ താനും അഭിമാനിക്കുന്നുവെന്നും കൊടിക്കുന്നില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ വാക്കുകള്‍ അദ്ദേഹത്തെ ആക്ഷേപിക്കാനോ മുറിവേല്‍പ്പിക്കാനോ ആയിരുന്നില്ല. പാര്‍ട്ടി താല്‍പര്യം മുന്‍നിര്‍ത്തി വിഷയങ്ങളില്‍ വിയോജിച്ചുകൊണ്ടുതന്നെ തരൂരിന് വ്യക്തിപരമായിയുണ്ടായ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കൊടിക്കുന്നില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."