കാന്താരി മുളകിന് പൊള്ളും വില
പട്ടാമ്പി: അടുക്കള തോട്ടങ്ങളില്‍ വ്യാപകമായി വീട്ടമ്മമാര്‍ നട്ടുവളര്‍ത്തുന്ന കാന്താരി മുളകിന് വിപണിയില്‍ പൊള്ളും വില. മാര്‍ക്കറ്റുകളില്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ നാടന്‍ മുളകിനമായ കാന്താരിയുടെ വില കുതിച്ചുയരുകയാണ്. മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കാന്താരിയുടെ ലഭ്യത കുറഞ്ഞതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയോളമാണ് ഇപ്പോഴത്തെ വില. കിലോ ഗ്രാമിന് 630 മുതല്‍ 680 രൂപ വരെയാണ് കാന്താരിയുടെ വില. കഴിഞ്ഞ വര്‍ഷം ഇത് 350-380 വരെയായിരുന്നു വില. മുന്‍ കാലങ്ങളില്‍ റബര്‍ തോട്ടങ്ങളിലും മറ്റും തനിയെ മുളച്ച് വളര്‍ന്നിരുന്ന കാന്താരി വിളവിന്റെ കാര്യത്തിലും മുന്നിട്ടുനിന്നിരുന്നു.
വില വര്‍ധിച്ചതോടെ പച്ചക്കറിയോടൊപ്പം കാന്താരി കൃഷിയാരംഭിച്ചെങ്കിലും വേനല്‍ രൂക്ഷമായതോടെ വിളവ് കുറഞ്ഞു. ഇതോടെ പച്ച നിറത്തിലുള്ള സാധാരണ കാന്താരിമുളകിന് പുറമേ വെള്ള, റോസ്, വൈലറ്റ് നിറങ്ങളിലും വിവിധ ആകൃതിയിലുമുള്ള ഇനങ്ങള്‍ കൃഷി തോട്ടങ്ങളില്‍ സ്ഥാനംപിടിച്ചു.
എന്നാല്‍, രുചിയിലും എരിവിലും സാധാരണ കാന്താരിയെ വെല്ലാന്‍ ഇവയ്ക്കായില്ല. കാന്താരിമുളക് ചേര്‍ത്ത് നിര്‍മ്മിക്കുന്ന വിവിധയിനം അച്ചാറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. പറിച്ചെടുക്കുന്നതിനുള്ള പ്രയാസം ഒഴിച്ചാല്‍ ഉല്പാദന ചെലവ് തീരെ കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."