രക്ഷാപ്രവര്‍ത്തനത്തിനും വീടുകള്‍ വൃത്തിയാക്കാനും മുന്നിട്ടിറങ്ങി മത്സ്യത്തൊഴിലാളികള്‍
ആലപ്പുഴ: അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയിലകപ്പെട്ട ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ പെട്ടുപോയവര്‍ക്ക് രക്ഷയായത് ആറാട്ടുപുഴയിലെ ആറ്, ഏഴ്, എട്ട്,13 വാര്‍ഡുകളിലെ മത്സ്യതൊഴിലാളികളാണ്.
മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുമായെത്തിയാണിവര്‍ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷപെടുത്തിയത്. ആയിരകണക്കിന് ആളുകളുടെ ജീവനുകളാണ് അന്നവര്‍ രക്ഷിച്ചത്. സംസ്ഥാനം അവരെ സൈന്യം എന്നു വിളിച്ചു ആദരിച്ചു.
ഇപ്പോള്‍ പ്രളയം കഴിഞ്ഞു ജലമിറങ്ങി തുടങ്ങിയതോടെ അപ്പര്‍ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലെ വീടുകള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയ വനിതകളില്‍ ഭൂരിഭാഗവും ഇതേ മത്സ്യതൊഴിലാളികളുടെ ഭാര്യമാര്‍ തന്നെയാണ്. പ്രളയക്കെടുതിയിലകപ്പെട്ടവരെ കുടുംബസമേതം സഹായിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇവര്‍. തിരുവോണനാളില്‍ പോലും ആഘോഷങ്ങള്‍ ഒഴിവാക്കിയാണിവര്‍ വീടുകള്‍ ശുചിയാക്കാനായി ഇറങ്ങിയത്.
പള്ളിപ്പാട് പഞ്ചായത്തിലെ അനേകം വീടുകളാണ് ഇവര്‍ വൃത്തിയാക്കിയത്. രജിത, സരളാ, രാധ, രോഹിണി, സുപ്രിയ, ബിന്ദു, ഷൈജ, സബീന, ലൈസ, ഗീത, ഷൈനി ,അമ്പിളി, സാലി ,ഹിമ, സരള, ഹസീന, സോളി, മാലിനി, അമ്മിണി തുടങ്ങിയവരാണ് വീടുകള്‍ വൃത്തിയാക്കാനായി എത്തിയത്. ഇവരുടെ എല്ലാം ഭര്‍ത്താക്കന്മാര്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ട നിരവധി ആളുകളെയാണ് രക്ഷിച്ചത്. തങ്ങളുടെ സഹജീവികള്‍ ദുരിതമനുഭവിക്കുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവരില്‍ പലരും തങ്ങളുടെ വീടുകളില്‍ സ്വന്തം ചെലവില്‍ ഗര്‍ഭിണികളടക്കം നിരവധിയാളുകള്‍ക്ക് അഭയം നല്‍കിയിട്ടുമുണ്ട്.
സുനാമിയെ ധൈര്യത്തോടെ നേരിട്ടവരാണ് തങ്ങളെന്ന ആത്മവിശ്വാസം അവരുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. മതിയായ ആരോഗ്യ ബോധവത്കരണവും ബൂട്ട്‌സും മറ്റ് ആവശ്യമായ സാമഗ്രികള്‍ അടക്കം നല്‍കിയാണ് കുടുംബശ്രീ ആലപ്പുഴ ജില്ല മിഷന്‍ ഇവരെ രംഗത്തിറക്കിയിരിക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം. തങ്ങളെക്കൊണ്ടാവും വിധം ദുരിതങ്ങളിലകപ്പെട്ടവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി സഹാനുഭൂതിയുടെ പുത്തന്‍ മാതൃകകള്‍ സൃഷ്ടിക്കുകയാണ് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."