കൊവിഡ് മാനദണ്ഡങ്ങളോടെ മലയാളിക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ മലയാളിക്ക് ഇന്ന് ഉത്രാടപാച്ചില്‍. നിയന്ത്രണങ്ങള്‍ക്കിടയിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു തന്നെ ഇന്ന് ജനങ്ങള്‍ കുറെശ്ശേ നിരത്തിലറങ്ങിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പരിമിതമായി മാത്രമേ കച്ചവട കേന്ദ്രങ്ങളില്‍ ആളുകള്‍ എത്തിയിരുന്നുള്ളൂ. ഇന്ന് സ്ഥിതി മാറുമെന്ന വിശ്വാസത്തിലാണ് വ്യാപാരികള്‍.
തിരുവോണത്തിനുള്ള ചിട്ടവട്ടങ്ങളൊരുക്കാന്‍ സാധാരണ മലയാളി, ഉത്രാടത്തിന് രാവിലെ മുതല്‍ നഗരങ്ങളിലിറങ്ങുകയാണ് പതിവ്. പിന്നെ ഓണക്കോടിയും ഓണസദ്യയും, പൂക്കളും ഓണത്തപ്പനുമൊക്കെയായി ആഘോഷത്തോടെയുള്ള മടക്കം. എന്നാല്‍ ഇത്തവണ സാമൂഹ്യഅകലവും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് വേണം വ്യാപാര കേന്ദ്രങ്ങളിലെത്താന്‍. അതുകൊണ്ട് തന്നെ നാടും നഗരവും സാധാരണയുള്ള ഉത്രാടപാച്ചിലിന്റെ പകിട്ടിലേക്ക് ഉയരാനിടയില്ല. കൊവിഡ് ആശങ്കയുള്ളതിനാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് കുറവാണ്. ഓണത്തിന് കച്ചവടം പൊടിപൊടിക്കാറുള്ള പൂ വിപണിയും ഇത്തവണ കാര്യമായ ചലനമുണ്ടാക്കിയില്ല.
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിരുന്നു. കടകളിലേക്ക് കുട്ടികളെയും പ്രായമായവരെയും കൊണ്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ലെന്നും ഓണ സദ്യയുടെയും മറ്റു പരിപാടികളുടെയും പേരില്‍ കൂട്ടം കൂടി നില്‍ക്കാനും അനുവദിക്കില്ല.
എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കടകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ഒമ്പത് മണിവരെ തുറക്കാവുന്നതാണ്. കടയുടെ വലിപ്പം അനുസരിച്ചു വേണം ഉള്ളില്‍ കയറ്റേണ്ടത്.
കടകളില്‍ പ്രവേശിക്കാന്‍ പറ്റുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഓണക്കാലത്ത്് ഒഴിവാക്കണം. ഒപ്പം കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം തുടരുമെന്നും ഡി.ജി.പി വ്യക്തമാക്കി.
മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിക്കുന്നതാണ് ഉചിതമെന്നും ഡിജി.പി നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."