വിടപറഞ്ഞത് ചാവക്കാടിന്റെ ചരിത്രവും നാള്‍വഴിയും അറിയുന്ന വിജ്ഞാനി
ചാവക്കാട്: ഞായറാഴ്ച്ച അന്തരിച്ച ഇമ്പാര്‍ക്ക് കുഞ്ഞിമോന്‍ എന്ന കുഞ്ഞിമുഹമ്മദ് സാഹിബിലൂടെ ചാവക്കാടിന് നഷ്ടമാകുന്നത് നാടിന്റെ സമ്പൂര്‍ണ്ണ ചരിത്രവും അതിന്റെ നാള്‍വഴിയും അറിയുന്ന വിജ്ഞാനിയെ.
സാംസ്‌കാരിക സാമൂഹ്യ രംഗത്തും സജീവമായിരുന്ന നാളുകളില്‍ ചാവക്കാട് മേഖലയില്‍ നിറഞ്ഞു നിന്ന സാന്നിധ്യമായിരുന്നു ഇമ്പാര്‍ക്ക്. മുറിക്കയ്യന്‍ കുപ്പായവും കൊമ്പന്‍ മീശവുമായി പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം പ്രത്യേകതയുണ്ടാക്കിയിരുന്നു.
ബ്രിട്ടീഷ് ചരിത്ര കാലത്ത്, തന്നെ താലൂക്ക് ആസ്ഥാനമായി മാറുന്നതിനു മുമ്പേ ഒരു വിളിപ്പാട് അപ്പുറത്ത് ചാവക്കാട്ടെ കോടിതികളുണ്ടായിരുന്നുവെങ്കിലും നാട്ടുകാര്‍ക്ക് ചാവക്കാട്ടെ പ്രശ്‌നങ്ങളില്‍ മധ്യസ്ഥനും 'മജിസ്‌ട്രേറ്റു'മായിരുന്നത് നീതി ബോധത്തോടെ കാര്യങ്ങള്‍ കണ്ടിരുന്ന കുഞ്ഞിമുഹമ്മദിന്റെ ഉപ്പൂപ്പയായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പുത്രന്‍ ഇമ്പാര്‍ക്ക് ബാപ്പുട്ടിയും പിതാവിന്റെ മധ്യസ്ഥന്റെ പിന്‍ഗാമിയായി ചാവക്കാട് ദേശത്തെ നാട്ട് കാരണവരായി. ആളും അര്‍ത്ഥവും ന്യായമായ വിധിയും തേടി നാടും നാഗരവും മാത്രമല്ല അയല്‍ നാടുകളും എത്തിയിരുന്നത് ചാവക്കാട് ആശുപത്രി റോഡിനു സമീപത്തെ വീട്ടിലായിരുന്നു. പിതാവിന്റെ കൊമ്പന്‍ മീശയെ അതേപോലെ അനുകരിച്ചു കൊണ്ടാണ് പുത്രന്‍ കുഞ്ഞിമുഹമ്മദും അനന്തരാവകാശിയായത്.
ആത്മീയമായും രാഷ്ട്രീയമായും ബന്ധപ്പെട്ട നേതാക്കളുമായി നിറഞ്ഞ ബന്ധവുമുള്ള കുഞ്ഞുമുഹമ്മദിന്റെ ഭവനത്തിന് ഗെയിറ്റുകളില്ല. മേഖലയില്‍ ഏറ്റവും തിരക്കുള്ള ചാവക്കാട് കുന്നംകുളം ഗുരുവായൂര്‍ റോഡിനോട് ചേര്‍ന്ന പുരയിടത്തിന് കന്മതിലും ഗെയിറ്റുമില്ലാത്തത് ഏരെ പേരും ശ്രദ്ധിക്കാത്ത കാര്യമാണ്. പ്രശ്‌നങ്ങള്‍ പറയാനും തീര്‍ക്കാനും ആര്‍ക്കും എപ്പോഴും കയറി ചെല്ലാവുന്ന ആ ഭവനത്തിന് അവ രണ്ടും വെക്കാത്തത് ചരിത്രത്തിന്റെ ഭാഗമായ ഒരടയാളം മാത്രമാണ്. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമല്ലാത്തതിനാല്‍ തെറ്റുകളും കുറ്റങ്ങളും ആക്ഷേപ ഹാസ്യത്തിലൂടെ തന്നെ വിശദീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. നാട്ടറിവുകളുടെ ഭണ്ഡാരമായിരുന്നു അദ്ദേഹം. ചരിത്രമായാലും ഭൂമി ശാസ്ത്രമായലും മൃഗ, പക്ഷി ശാസത്രമായാലും വിഷയങ്ങളില്‍ അദ്ദേഹത്തിന് അഗാധമായ അറിവുണ്ടായിരുന്നു. ദീര്‍ഘകാലമായി വാര്‍ദ്ധക്ക്യ സംബന്ധമായ അസുഖങ്ങളാല്‍ വീട്ടില്‍ തന്നെ വിശ്രമത്തിലായിരുന്നതിനാല്‍ വെള്ളിയാഴ്ച്ചകളിലൊഴികെ പുറത്തു പോകാത്ത അദ്ദേഹത്തെ പുതിയ തലമുറക്ക് അറിയില്ല. എന്നാല്‍ ചാവക്കാടിനെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രത്തിലെ സജീവമായ ഒരു കണ്ണിയാണ് കുഞ്ഞിമോന്‍ സാഹിബിന്റെ വേര്‍പാടോടെ പൊട്ടിപ്പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."