പൊരുതാനുറച്ച് രാജസ്ഥാന്
ജയ്പുര്‍: അവസാന മത്സരത്തിലെ ജയം കരുത്താക്കി സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ രാജസ്ഥാന് റോയല്‍സ് ഇന്നിറങ്ങുന്നു. രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന് ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനില്ല.
അവസാന മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നായിരുന്നു രാജസ്ഥാന് ജയിച്ചു കയറിയത്. നാല് പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റിനായിരുന്നു രാജസ്ഥാന് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. നായകന് സ്റ്റീവ് സ്മിത്ത് രണ്ട് റണ്‍സുമായി പുറത്തായതോടെ റിയാന്‍ പരാഗായിരുന്നു ടീമിനെ കരക്കെത്തിച്ചത്. 31 പന്തില്‍ 47 റണ്‍സെടുത്ത് പരാഗ് ടീമിന് വലിയ സംഭാവനയാണ് നല്‍കിയത്. 21 പന്തില്‍ നിന്ന് രഹാനെ 34 റണ്‍സും സ്വന്തമാക്കിയിരുന്നു.
നാല് ഓവറില്‍ കൊല്‍ക്കത്തന്‍ ബൗളര്‍ പിയൂഷ് ചൗള മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും അവസാന വിക്കറ്റുകള്‍ പിഴുതെടുക്കുന്നതില്‍ കൊല്‍ക്കത്തന്‍ ബൗളിങ്നിര പരാജയപ്പെട്ടതായിരുന്നു രാജസ്ഥാന്റെ ജയത്തിന് കാരണമായത്. ഇന്ന് നടക്കുന്ന മത്സരത്തിലും ജയം മാത്രമാണ് രാജസ്ഥാന്റെ ലക്ഷ്യം. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന് ബാക്കിയുള്ള മത്സരങ്ങളില്‍ ജയം മാത്രമാണ് ലക്ഷ്യം. തുടര്‍ തോല്‍വികള്‍ കാരണം സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിച്ചിരുന്നു. അതേസമയം, പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഹൈദരബാദ് മികച്ച ആത്മവിശ്വാസത്തിലാണ്. റണ്‍ മെഷിനുകളായ ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ് എന്നിവരിലാണ് ഹൈദരാബാദിന്റെ വിശ്വാസം. ഇന്നത്തേതുള്‍പ്പെടെ ഹൈദരാബാദിന് നാലു മത്സരം മാത്രമേ ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളു. ഇതില്‍ നാലിലും ജയം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ഹൈദരാബാദ്. അതേസമയം, രാജസ്ഥാന് ഇന്നത്തേതുള്‍പ്പെടെ മൂന്ന് മത്സരം മാത്രമേ ഇനി ബാക്കിയുള്ളൂ. ഇവ മൂന്നും കൈപ്പിടിയിലൊതുക്കുകയാണ് സ്മിത്തിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഇരു ടീമുകളും തമ്മില്‍ ഹൈദരാബാദില്‍വച്ച് നടന്ന പോരാട്ടത്തില്‍ ഹൈരദാബാദായിരുന്നു വെന്നിക്കൊടി പാറിച്ചത്. അന്ന് ആറു പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഇന്നത്തെ മത്സരത്തില്‍ ആദ്യ മത്സരത്തിലെ പരാജയത്തിന് പകരം ചോദിക്കാനാണ് രാജസ്ഥാന് ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."