ദിനകരന് പിന്തുണ: എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ എ.ഐ.എ.ഡി.എം.കെ നീക്കം
ചെന്നൈ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തമിഴ്‌നാട്ടിലെ നാല് എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ എ.ഐ.എ.ഡി.എം.കെ നീക്കം. ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ട് ചീഫ് വിപ്പ് എസ്. രാജേന്ദ്രന്‍ സ്പീക്കര്‍ പി. ദിനപാലന് കത്ത് നല്‍കി. ഇ. രതിനസബപതി, വി.ടി കലൈസെല്‍വന്‍, എ. പ്രഭു, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സ്വതന്ത്രന്‍ എം.ല്‍.എ തമീമുന്‍ അന്‍സാരി എന്നീ എം.എല്‍.എമാര്‍ എ.എം.എം.കെ ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന് പിന്തുണ നല്‍കിയെന്നാണ് ആരോപണം.
വിമത എം.എല്‍.എമാര്‍ക്ക് നോട്ടിസ് അയക്കുന്നതുമായി ബന്ധപ്പെട്ട് പി. ധനപാലന്‍ ചീഫ് വിപ്പ്, നിയമ മന്ത്രി സി.വി ഷണ്‍മുഖം എന്നിവരുമായി ചര്‍ച്ച നടത്തി. ഇവര്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്ന കാര്യമാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. എം.എല്‍.എമാര്‍ക്കെതിരേ നോട്ടിസ് അയക്കുകയാണെങ്കില്‍ 15 ദിവസത്തിനുള്ളില്‍ ഇവര്‍ മറുപടി നല്‍കേണ്ടിവരും. മറുപടിക്ക് അനുസരിച്ച് സ്പീക്കര്‍ക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. തമിഴ്‌നാട്ടിലെ 18 എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് ഈ മണ്ഡലങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ആകെ 22 നിയമസഭാ മണ്ഡലങ്ങളിലാണ് തമിഴ്‌നാട്ടില്‍ ഉപരതെരഞ്ഞെടുപ്പ് നടക്കുന്നത്.
മെയ് 23നുള്ള ഫല പ്രഖ്യാപനം എ.ഐ.എ.ഡി.എം.കെയുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്നതാണ്. ഉപതെരഞ്ഞെടുപ്പില്‍ പത്ത് സീറ്റിലെങ്കിലും വിജയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെ വീഴും. ഇത് മുന്നില്‍ കണ്ടാണ് നാല് പേരെ അയോഗ്യരാക്കി ഭരണം പിടിച്ചെടുക്കാന്‍ എ.ഐ.എ.ഡി.എം.കെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."