സ്വത്തുക്കള്‍ക്കായി ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ സന്നദ്ധത അറിയിച്ച് വിജയ്മല്യ
ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുനടത്തി രാജ്യം വിട്ട വിജയ് മല്യയുടെ ഇന്ത്യയിലെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കൈവിട്ടുപോകാനുള്ള സാധ്യത തെളിഞ്ഞതോടെ തിരിച്ചുവരാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ബ്രിട്ടനില്‍ കഴിയുന്ന അദ്ദേഹം കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.
സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് സ്വത്തുക്കള്‍ നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമായി മല്യ രംഗത്തെത്തിയത്.
ബ്രിട്ടനില്‍നിന്ന് മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരേ നിയമപോരാട്ടത്തിലാണ് മല്യ. ഇന്ത്യയിലെ തടവറകളുടെ നില അത്യന്തം പരിതാപകരമാണെന്ന വാദമുയര്‍ത്തിയാണ് മല്യയുടെ എതിര്‍പ്പ്.
രാജ്യം വിട്ടവരുടെ സ്വത്ത് വകകള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി തീരുമാനിച്ചാല്‍ പിന്നീട് ഇതൊരിക്കലും ഉടമസ്ഥന് തിരികെ ലഭിക്കില്ല. കോടതി അനുമതി ലഭിച്ചാല്‍ പിടിച്ചെടുത്ത വസ്തുക്കളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാകും. ഈ സ്വത്തുക്കള്‍ ലേലം ചെയ്തു കിട്ടുന്ന പണം ഉപയോഗിച്ച് തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."