മോദിക്കെതിരേ ഗൂഢാലോചനയെന്ന് ആരോപണം; എഴുത്തുകാരും ആക്ടിവിസ്റ്റുകളും അറസ്റ്റില്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ജനുവരിയില്‍ മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് രാജ്യത്തെ നിരവധി പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് പൂനെ പൊലിസ് നടത്തിയ റെയ്ഡില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ദലിത് ആക്ടിവിസ്റ്റുകളാണ് അറസ്റ്റിലായത്.
ആക്ടിവിസ്റ്റുകളും ദലിത് കവിയുമായ വരവരറാവു, സുധ ബരദ്വാജ്, അരുണ്‍ ഫരേര, ഗൗതം നവ്ലാഖാ, വെനോണ്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഒന്‍പത് ആക്ടിവിസ്റ്റുകളുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹി, ഫരീദാബാദ്, ഗോവ, മുംബൈ, റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. എന്നാല്‍ അറസ്റ്റിനെതിരേ കോടതിയെ സമീപിക്കുമെന്ന് ഇവര്‍ അറിയിച്ചു. അറസ്റ്റിലായവര്‍ക്ക് മാവോവാദികളുമായി ബന്ധമുണ്ടെന്നാണ് പൊലിസ് ആരോപിക്കുന്നത്. വിദ്യാഭ്യാസ വിചക്ഷണര്‍, എഴുത്തുകാര്‍ എന്നിവരെ നിശബ്ദരാക്കാനും സാങ്കല്പിക അടിയന്തരാവസ്ഥ നടപ്പാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രമുഖ അഭിഭാഷകന് പ്രശാന്ത ഭൂഷണ് ട്വീറ്റ് ചെയ്തു.
കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിനെ അറസ്റ്റ് ചെയ്തത് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ചാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞ ജൂണില്‍ അഞ്ച് മാവോവാദികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. 1818ല്‍ നടന്ന ഭീമ-കൊറേഗാവ് സംഭവത്തിന്റെ 200ാം വാര്‍ഷികത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബര്‍ 31ന് എല്‍ഗാര്‍ പരിഷത്ത് നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ടാണ് അഞ്ചുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്.
വരവരറാവുവിനെ ഹൈദരാബാദില്‍ നിന്നും അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുധാ ഭരദ്വാജിനെ അറസ്റ്റ് ചെയ്തത് ഫരീദാബാദില്‍ നിന്നുമാണ്. അരുണ്‍ ഫരേരയെ താനെയില്‍ വച്ചും വെനോണ്‍ ഗോണ്‍സാല്‍വസിനെ മുംബൈയില്‍ വച്ചുമാണ് അറസ്റ്റ് ചെയ്തത്. എഴുത്തുകാരേയും ആക്ടിവിസ്റ്റുകളേയും അറസ്റ്റു ചെയ്തതിനെ എഴുത്തുകാരി അരുന്ധതി റോയ് വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."