മന്ത്രിപുത്രന് ആര്‍.എസ്.എസ് ചാനലില്‍ ഓഹരി; സി.പി.എമ്മില്‍ പുതിയ വിവാദം
ആലപ്പുഴ: പൊതുമാരാമത്ത് വകുപ്പു മന്ത്രിജി.സുധാകരന്റെ മകന് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ചാനലായ ജനം ടി.വിയില്‍ ഓഹരിയുണ്ടെന്ന വെളിപ്പെടുത്തലില്‍ സി.പി.എമ്മിനുള്ളില്‍ പുതിയ വിവാദം.
ചാനല്‍ ചര്‍ച്ചയില്‍ ജനം ടി.വി ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവാണ് മന്ത്രി സുധാകരന്റെ മകന് ചാനലില്‍ ഓഹരിയുണ്ടെന്ന് വെളിപ്പെടുത്തിയത്.
ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം പ്രതിനിധി വി.കെ സനോജിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായിട്ടാണ് സുരേഷ് ബാബു ഇക്കാര്യം പറഞ്ഞത്. സ്വപ്ന സുരേഷിന് ചാനലില്‍ ഓഹരിയുണ്ടെന്ന ആക്ഷേപത്തിന് മറുപടിയായി 5200 ഓഹരി ഉടമകളില്‍ സി.പി.എം പ്രവര്‍ത്തകരും മന്ത്രി സുധാകരന്റെ മകനും ഉണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. ഓട്ടോറിക്ഷ തൊഴിലാളി മുതല്‍ ഐ.ടി പ്രൊഫഷണലുകള്‍ വരെ വിവിധ മേഖലകളിലുള്ളവര്‍ക്ക് ഓഹരിയുണ്ട്. ഇതില്‍ സി.പി.എം പ്രവര്‍ത്തകരുമുണ്ട്. ദേശസ്‌നേഹം ഉള്ളവരാണ് തങ്ങളുടെ ഓഹരിയെടുത്തിരിക്കുന്നതെന്നും മന്ത്രിയുടെ മകന് സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ചാനലില്‍ ഓഹരിയുണ്ടോയെന്ന് അന്വേഷിക്കണമെന്നും സുരേഷ് ബാബു വ്യക്തമാക്കി. മന്ത്രിസഭയിലെ അഴിമതി ഇല്ലാത്ത അംഗമാണ് ജി.സുധാകരനെന്ന് സുരേഷ് ബാബു പുകഴ്ത്തുകയും ചെയ്തു. ഇതോടെ സി.പി.എം പ്രതിനിധിക്ക് ചര്‍ച്ചയില്‍ പ്രതിരോധിക്കാന്‍ കഴിയാത്ത സാഹചര്യമായി.
ഇത് സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായതോടെയാണ് സി.പി.എമ്മിനുള്ളിലും വിവാദമായത്. സി.പി.എമ്മിനുള്ളില്‍ കടുത്ത നിലപാടുകളും പാര്‍ട്ടി പ്രതിബദ്ധതയും ഓര്‍മപ്പെടുത്തുന്ന സുധാകരനെതിരെ പാര്‍ട്ടിക്കുള്ളിലെ പ്രതിയോഗികള്‍ക്ക് പുതിയൊരു ആയുധം കൂടിയായി.
സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളെ മതബന്ധങ്ങളുടെ പേരില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതായി സുധാകരനെതിരെ ആക്ഷേപം ശക്തമാണ്. ആലപ്പുഴയില്‍ സി.പി.എമ്മിനുള്ളില്‍ ഇപ്പോഴും ശക്തമായ വിഭാഗീയത നിലനില്‍ക്കുന്നതിനാല്‍ ജി.സുധാകനെതിരെ ഒരു വിഭാഗം ഇത് ശക്തമായി ഉപയോഗിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."