മണല്‍കടത്ത് പിടികൂടാനെത്തിയ പൊലിസുകാരെ പുഴയില്‍ തള്ളിയിട്ട് വധിക്കാന്‍ ശ്രമം
കാസര്‍കോട്: മണല്‍കടത്ത് പിടികൂടാനെത്തിയ പൊലിസുകാരെ ബലമായി തോണിയില്‍ കയറ്റിക്കൊണ്ടുപോയി പുഴയില്‍തള്ളിയിട്ട് വധിക്കാന്‍ ശ്രമം.
തളങ്കര ഹാര്‍ബറിനു സമീപം 20 അംഗ സംഘമാണ് ബുധനാഴ്ച രാത്രി അക്രമം നടത്തിയത്. പുഴയില്‍നിന്ന് നീന്തി രക്ഷപ്പെട്ട തളങ്കരയിലെ തീരദേശ പൊലിസുകാരായ നീലേശ്വരത്തെ കെ.വി രഞ്ജിത്ത് (33), കാഞ്ഞങ്ങാട്ടെ കെ.വി രതീഷ് (37) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരേ വധശ്രമത്തിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കാസര്‍കോട് ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ശക്തമായ കാറ്റിനെയും കനത്ത മഴയെയും അവഗണിച്ചാണ് പുഴയില്‍നിന്ന് നീന്തി രക്ഷപ്പെട്ടതെന്ന് ആശുപത്രിയില്‍ കഴിയുന്ന പൊലിസുകാര്‍ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ആറോടെ തളങ്കര ഹാര്‍ബറിനു സമീപത്തുവച്ച് അഞ്ചു തോണികളില്‍ മണല്‍ കടത്തുന്നതായി തളങ്കര പൊലിസ് സ്റ്റേഷനില്‍ വിവരം ലഭിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ്.ഐ മോഹനന്റെ നിര്‍ദേശപ്രകാരം പൊലിസുകാരായ രഞ്ജിത്തും രതീഷും ഹാര്‍ബറില്‍ എത്തിയത്. മണല്‍ ഇറക്കുന്നതുകണ്ട ഇവര്‍ അതു തടയാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇവരെ തോണിയില്‍ കയറ്റിക്കൊണ്ടുപോയി പുഴയുടെ മധ്യത്തില്‍ തള്ളിയിടുകയായിരുന്നു.
മണല്‍ ഇറക്കുന്നതു തടഞ്ഞ ഇരുവരെയും ആക്രമിച്ച ശേഷം രക്ഷപ്പെടാനായിരുന്നു അക്രമിസംഘത്തിന്റെ തീരുമാനം. എന്നാല്‍ പൊലിസുകാര്‍ തോണികളില്‍ പിടിച്ചുനിന്നതോടെയാണ് ഇരുവരെയും തോണിയില്‍ കയറ്റിക്കൊണ്ടുപോയി പുഴയുടെ നടുവില്‍ തള്ളിയത്. ഇരുവരും രക്ഷപ്പെട്ട് സ്റ്റേഷനില്‍ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കോസ്റ്റല്‍ സ്റ്റേഷനില്‍ നിന്ന് പൊലിസെത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. അക്രമിസംഘം ഇതിനിടയില്‍ രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കുവേണ്ടി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുന്‍പ് തളങ്കര ഹാര്‍ബറിനു സമീപത്തുനിന്ന് മണല്‍ കടത്തിയ തോണികളും ഒരു ടിപ്പര്‍ ലോറിയും പൊലിസ് പിടികൂടിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് മണല്‍കടത്ത് തടയാനെത്തിയ പൊലിസിനെ അക്രമിച്ചതെന്നാണ് സൂചന. മണല്‍കടത്ത് സംഘമെന്നു സംശയിക്കുന്ന സംഘം രണ്ടാഴ്ച മുന്‍പ് മഞ്ചേശ്വരത്ത് വീടും വീട്ടിലുണ്ടായിരുന്നവരെയും അക്രമിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് പൊലിസുകാരെ തോണിയില്‍ കയറ്റിക്കൊണ്ടുപോയി പുഴയില്‍ തള്ളിയ സംഭവവും ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."