സഊദിയിൽ വനിതകൾക്ക് ഇനി രാത്രിയിലും ജോലി ചെയ്യാം; തൊഴിൽ നിയമത്തിലെ ഭേദഗതിക്ക് അംഗീകാരം
റിയാദ്: സഊദിയിൽ വനിതകൾക്ക് ഇനി രാത്രിയിലും ജോലി ചെയ്യാൻ അനുമതി. കഴിഞ്ഞയാഴ്ച ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച നിയമ ഭേദഗതി അംഗീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രി സഭ അംഗീകരിച്ച തൊഴിൽ നിയമ ഭേദഗതിയിൽ രാത്രിയിൽ ജോലി ചെയ്യാൻ വനിതകൾക്ക് അനുമതി നൽകുന്നതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പം ഏതാനും ചില തൊഴിൽ ഭേദഗതികളും മന്ത്രി സഭ അംഗീകരിച്ചിട്ടുണ്ട്.
അപകടകരമായ ചില ജോലികളിൽ വനിതകളെ നിയമിക്കുന്ന തൊഴിൽ നിയമത്തിലെ 149 ആം വകുപ്പും രാത്രിയിൽ ചില സമയങ്ങളിൽ വനിതകളെ ജോലിക്കു വെക്കുന്നത് വിലക്കുന്ന 150 ആം വകുപ്പുമാണ് റദ്ദാക്കിയത്. നേരത്തെ ഈ രണ്ടു കാര്യങ്ങളിലും വിലക്കുകളുണ്ടായിരുന്നു. ഇതോടൊപ്പം, ഖനികളിലും ക്വാറികളും വനിതകളെ ജോലിക്കു വെക്കാനും ഭേദഗതി ചെയ്ത തൊഴിൽ നിയമം അനുവദിക്കുന്നുണ്ട്. പതിനെട്ടു വയസ്സ് പൂർത്തിയാകാത്ത ആരെയും ഖനികളിലും ക്വാറികളിലും ജോലിക്കു വെക്കാൻ പാടില്ലെന്നും ഏതു പ്രായത്തിൽ പെട്ട വനിതകളെയും ക്വാറികളിലും ഖനികളിലും ജോലിക്കു വെക്കാൻ പാടില്ലെന്നുമാണ് 186 ആം വകുപ്പ് അനുശാസിച്ചിരുന്നത്.
എന്നാൽ പുതിയ തീരുമാനത്തോടെ ഇത് എടുത്തു കളഞ്ഞാണ് ഖനികളിലും ക്വാറികളും വനിതകളെ ജോലിക്കു വെക്കാൻ അനുവദിച്ചത്. തൊഴിലാളികൾക്ക് അപകടകരവും ഹാനികരുമായ തൊഴിലുകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രി നിർണയിക്കണമെന്നും എന്നെന്നേക്കുമായോ ഭാഗികമായോ ജോലിക്കു വെക്കുന്നതിന് വിലക്കുള്ള വിഭാഗങ്ങളെയും പ്രത്യേക വ്യവസ്ഥകളോടെ ജോലിക്കു വെക്കേണ്ട വിഭാഗങ്ങളെയും മാനവശേഷി, വികസന മന്ത്രി നിർണയിക്കണമെന്നും ഭേദഗതി ചെയ്ത 131 ആം വകുപ്പ് അനുശാസിക്കുന്നു.
രാത്രിയായാലും പകലായാലും തൊഴിൽ സമയങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീപുരുഷന്മാർക്കിടയിൽ നിയമ ഭേദഗതി സമത്വമുണ്ടാക്കുന്നുവെന്നും അപകടകരവും ഹാനികരവുമായ തൊഴിലുകളിൽ ജോലിക്കു വെക്കുന്ന സ്ത്രീയോ പുരുഷനോ ആയ തൊഴിലാളിക്ക് ആവശ്യമായ സംരക്ഷണം ഒരുക്കൽ നിയമ ഭേദഗതി നിർബന്ധമാക്കുന്നതായും ശൂറാ കൗൺസിൽ അംഗവും നിയമ വിദഗ്ധനുമായ ഫൈസൽ അൽഫാദിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."