പാര്‍ലമെന്റ് മഴക്കാല സമ്മേളനത്തില്‍നിന്ന് ചോദ്യോത്തര വേള ഒഴിവാക്കി
ന്യൂഡല്‍ഹി: ഈ മാസം 14 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ ചേരുന്ന പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കി. ഇന്നലെ ചേര്‍ന്ന രാജ്യസഭാ, ലോക്‌സഭാ സെക്രട്ടറിയേറ്റുകളാണ് ഈ തീരുമാനമെടുത്തത്. അതോടൊപ്പം ശൂന്യവേള വെട്ടിച്ചുരുക്കാനും തീരുമാനിച്ചു.
ഒന്‍പത് മുതല്‍ ഒരു മണിവരെ, മൂന്ന് മുതല്‍ ഏഴുവരെ എന്നിങ്ങനെ രണ്ടു ഷിഫ്റ്റുകളിലായാണ് സഭ ചേരുക. ആദ്യ ദിവസം ആദ്യ ഷിഫ്റ്റില്‍ ലോക്‌സഭയും രണ്ടാം ഷിഫ്റ്റില്‍ രാജ്യസഭയും ചേരും. എന്നാല്‍ ബാക്കിയുള്ള ദിവസങ്ങളിലെല്ലാം ആദ്യ ഷിഫ്റ്റില്‍ രാജ്യസഭയാണ് ചേരുക. പിന്നാലെ രണ്ടാം ഷിഫ്റ്റില്‍ ലോക്‌സഭയും ചേരും. ശനി, ഞായര്‍ അവധികളില്ലാതെ പാര്‍ലമെന്റ് ചേരാനും തീരുമാനിച്ചിട്ടുണ്ട്. ചോദ്യങ്ങള്‍ 15 ദിവസം മുന്‍പ് തയാറാക്കി നല്‍കാനാണ് എം.പിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സഭ സമ്മേളിക്കാന്‍ ഇനി 15 ദിവസമില്ല.
ചോദ്യവേള ഒഴിവാക്കിയതിനെതിരേ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ശക്തമായി രംഗത്തുവന്നു. പകര്‍ച്ച വ്യാധിയുടെ മറവില്‍ ജനാധിപത്യത്തെ കൊല ചെയ്യുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറക് ഒബ്രയാന്‍ പറഞ്ഞു. പാര്‍ലമെന്റിനെ വെറും നോട്ടിസ് ബോര്‍ഡാക്കുകയും ഭൂരിപക്ഷമുപയോഗിച്ച് മറ്റുള്ളവരെ റബ്ബര്‍ സ്റ്റാംപാക്കി മാറ്റുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. കൊവിഡ് സുരക്ഷയുറപ്പാക്കുകയെന്ന നാട്യത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കാന്‍ എങ്ങനെ സാധിക്കുമെന്ന് ശശിതരൂര്‍ ചോദിച്ചു.
ചോദ്യം ചെയ്യലാണ് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ജീവവായു. ഉത്തരവാദിത്തം ഉറപ്പാക്കാനുള്ള സംവിധാനമാണ് ചോദ്യോത്തര വേള. അത് ഇല്ലാതാക്കിയിരിക്കുകയാണെന്നും തരൂര്‍ വിമര്‍ശിച്ചു.തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് സര്‍ക്കാറിനോട് ചോദ്യം ചോദിക്കാനുള്ള അവകാശമില്ലെന്നാണ് ഇതില്‍ നിന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നതെന്ന് ഡി.എം.കെ അംഗം കനിമൊഴി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."