ഏകാധിപത്യത്തിലേക്കുള്ള മാറ്റം വിദൂരമല്ല
നീതിയില്‍ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയെ ലക്ഷ്യമാക്കി സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ ജനങ്ങളിലേക്കു എത്തിക്കുക എന്നതായിരുന്നു ഭരണഘടനാ ശില്‍പികള്‍ ലക്ഷ്യമിട്ടത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജനാധിപത്യം നിലനിര്‍ത്തുന്നതില്‍ നിയമനിര്‍മ്മാണസഭയ്ക്കും ഭരണനിര്‍വഹണ വിഭാഗത്തിനും നീതിനിര്‍വഹണ വിഭാഗത്തിനും തുല്യ പങ്കുവഹിക്കേണ്ടതുണ്ട്. ഈ മൂന്നു വിഭാഗത്തെയും ശരിയായ ദിശയിലേക്കു നയിക്കുന്ന മാധ്യമ ധര്‍മ്മവും നമുക്കു ആവശ്യമുണ്ട്. ഇന്ത്യന്‍ ഭരണഘടന നല്‍കിയ അവകാശങ്ങള്‍ നിഷേധിക്കുന്ന തീരുമാനങ്ങളാണ് വര്‍ത്തമാന ഭരണകൂടങ്ങളില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയെ മതപരവും ജാതീയവും വംശീയവുമായി വിഭജിക്കുന്ന ഒരു രാഷ്ട്രീയ ശിഥിലീകരണമാണ് നാം ഇന്ന് കാണുന്നത്.
കുറച്ചു ദിവസങ്ങളിലായി വിവിധ ഹൈക്കോടതികള്‍ പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ നീതിപീഠങ്ങളുടെ വിശ്വാസ്യതയുടെ തിളക്കം കൂട്ടുന്നതാണ് - ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് തബ്‌ലീഗ് ജമാഅത്തിനെതിരേയുള്ള കേസില്‍ പുറപ്പെടുവിച്ച വിധിയും അലഹബാദ് ഹൈക്കോടതി ഡോ. കഫീല്‍ ഖാനെതിരെയുള്ള കേസിലെ വിധിയും. ലോകം മുഴുവനും കൊറോണ വൈറസിനു മുന്‍പില്‍ മുട്ടുമടക്കിനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ ഉത്തരവാദി ന്യൂഡല്‍ഹിയിലെ നിസാമുദ്ദീന്‍ പ്രദേശത്ത് നടന്ന തബ്‌ലീഗ് ജമാഅത്തിന്റെ യോഗമാണെന്ന് പ്രചരിപ്പിച്ചു കൊണ്ട്, ഒരു പ്രത്യേക വിഭാഗത്തെ അധിക്ഷേപിച്ചത് നാമല്ലാം കണ്ടതാണ്. കൊറോണ വൈറസ് പിന്‍വാതിലിലൂടെ ഇന്ത്യയിലേക്കു വഴുതിവീഴുകയും ശരിയായ പരിശോധനയോ സ്‌ക്രീനിങ്ങോ ക്വാറന്റൈനോ കൂടാതെ 2020 ജനുവരി മുതല്‍ ഇന്ത്യയില്‍ എത്തിയവരും നമസ്‌തേ ട്രംപ് പരിപാടിയില്‍ ഒത്തുകൂടിയവരും എല്ലാം വിശകലനം ചെയ്യാതെ ഭരണകൂടത്തിന്റെ വീഴ്ചകള്‍ മറികടക്കുന്നതിന് തബ്‌ലീഗ് ജമാഅത്തിനെ ബലിയാടാക്കുയായിരുന്നു. തബ്‌ലിഗ് ജമാഅത്തിനെ കുറ്റക്കാരാക്കാന്‍ ചില വാര്‍ത്താ മാധ്യമങ്ങള്‍ കാണിച്ച ഗൂഢ ശ്രമങ്ങള്‍ നമുക്കു മറക്കാനാകില്ല. മാധ്യമങ്ങള്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇടയില്‍ ദര്‍പ്പണങ്ങളാവേണ്ടവരാണ്. മറിച്ചു മാധ്യമങ്ങള്‍ ബധിരരും അന്ധരും പക്ഷപാതമുള്ളവരുമായി തീരുമ്പോള്‍ നഷ്ടം സംഭവിക്കുന്നത് മാധ്യമ ധര്‍മ്മത്തിനാണ്. തകര്‍ക്കപ്പെടുന്നത് ഈ രാജ്യത്തിന്റെ ജനാധിപത്യമാണ്. കൊടുംവേനലിലെ കുളിര്‍മഴയായി മാറിയിരിക്കയാണ് ഈ രണ്ട് വിധിന്യായങ്ങളും.
ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് തബ്‌ലീഗ് ജമാഅത്തിനെതിരേയുള്ള കേസുകളെല്ലാം റദ്ദ് ചെയ്തു. രാജ്യത്ത് കൊവിഡ് വ്യാപിക്കാനുണ്ടായ കാരണം തബ്‌ലീഗ് പ്രവര്‍ത്തകരാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. രാജ്യത്ത് ഒരു പകര്‍ച്ച വ്യാധിയുണ്ടായപ്പോള്‍ അതിന് ചില ബലിയാടുകളെ കണ്ടെത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി.
ഡോ. കഫീല്‍ ഖാനിനെതിരേ ദേശ സുരക്ഷാ നിയമം (എന്‍.എസ്.എ) പ്രകാരം ചുമത്തിയ എല്ലാ കുറ്റങ്ങളും റദ്ദ് ചെയ്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ വിധിയും വന്നു. വര്‍ത്തമാനകാലം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന നിയമമായി എന്‍.എസ്.എ മാറിയിരിക്കുകയാണ്. അടിസ്ഥാനരഹിതമായി ഈ നിയമമുപയോഗിച്ചു കുറ്റം ചുമത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനുള്ള വകുപ്പു കൂടി പ്രസ്തുത നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകത വന്നിരിക്കുകയാണ്. വിചാരണ കൂടാതെ ഒരു വര്‍ഷം വരെ ജയിലറകള്‍ക്കുള്ളില്‍ ഇരുത്താന്‍ പറ്റുന്ന നിയമം എടുത്തുപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു എന്നും ഹൈക്കോടതി പറഞ്ഞു.
പ്രസ്തുത നിയമം ഉപയോഗിച്ച അലിഗഢ് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിനെതിരേ രൂക്ഷവിമര്‍ശനവും കോടതി വിധിന്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡോ. കഫീല്‍ ഖാനെ എന്‍.എസ്.എ പ്രകാരം ജയിലിലടച്ചത് തെറ്റാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും ചുമത്തിയ കുറ്റങ്ങളെല്ലാം റദ്ദ് ചെയ്യണമെന്നുമുള്ള വിധി യോഗി സര്‍ക്കാറിനേറ്റ കടുത്ത പ്രഹരമാണ്. മനസ്സാക്ഷിക്കനുസരിച്ച് നീതിയുടെ പക്ഷത്തുനിന്ന് വിധിപറയും എന്ന സന്ദേശമാണ് പ്രസ്തുത രണ്ട് വിധിന്യായങ്ങളും നല്‍കുന്ന സന്ദേശം. ഭരണകൂടത്തെ ഭയക്കാത്ത കണ്ണുകെട്ടി വിധിപറയുന്ന നീതി ദേവതകളെയാണ് ഇന്ത്യക്കാവശ്യം.
രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ വളര്‍ന്നുവരികയാണ്. ജനാധിപത്യം വഴിമാറി ഏകാധിപത്യം വളര്‍ന്നുവരുന്നത് ഇന്ത്യന്‍ ജനത നിസ്സഹായരായി കണ്ടുനില്‍ക്കുകയാണ്. ഭരണഘടന ആയുധമാക്കി പോരാടുന്നവരെ വെടിയുണ്ടകൊണ്ടു നിശബ്ദരാക്കാന്‍ സാധിക്കുകയില്ല. മതേതരത്വം ആഗ്രഹിക്കുന്ന, ജനാധിപത്യം വിശ്വസിക്കുന്ന ജനങ്ങള്‍ ഒറ്റക്കെട്ടായി കൈകോര്‍ക്കണം. ഭരണകൂട ഭീകരതയല്ല നമുക്കാവശ്യം. തങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരേ ഉപയേഗിക്കാനുള്ള ആയുധമാക്കി മാറ്റിയിരിക്കയാണ് ദേശീയ സുരക്ഷാ നിയമങ്ങളും മറ്റും. ഭരണഘടന നല്‍കിയ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിന് സമാനചിന്താഗതിക്കാര്‍ കൈകോര്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശങ്കിച്ചുനിന്നാല്‍ ഈ മഹത്തായ രാജ്യത്തിന്റെ, ജനാധിപത്യത്തിന്റെ ആത്മാവിന് മരണം ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."