സാങ്കേതിക തകരാറും ഉദ്യോഗാര്‍ഥികളുടെ തലയില്‍ ചാരി പി.എസ്.സി
കല്‍പ്പറ്റ: പി.എ സ്.സി വെബ്‌സൈറ്റിലെ സാങ്കേതിക തകരാറും ഉദ്യോഗാര്‍ഥികളുടെ തലയില്‍ ചാരി കമ്മിഷന്‍. ഇത് വര്‍ഷങ്ങളായി തുടരുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളായാതിനാല്‍ ഉദ്യോഗാര്‍ഥികള്‍ പലരും പരാതിയുമായി പിന്നാലെ പോകാത്തത് പി.എസ്.സിക്കും കാര്യങ്ങള്‍ എളുപ്പമാക്കിയിരുന്നു. സര്‍വറിലെ തകരാറുകളടക്കം ഉദ്യോഗാര്‍ഥികളുടെ തലയില്‍ക്കെട്ടിവച്ച് പി.എസ്.സി തടിയൂരിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ പരാതിക്കാര്‍ പിന്നാലെ പോകാഞ്ഞതിനാല്‍ അതൊന്നും പുറംലോകമറിഞ്ഞില്ലെന്ന് മാത്രം. ചില ഉദ്യോഗാര്‍ഥികള്‍ മാത്രമാണ് ഇത്തരം വിഷയങ്ങളില്‍ പി.എസ്.സിക്കെതിരെ പരാതിയുമായി പോകാന്‍ തയാറായിട്ടുള്ളത്.
അപേക്ഷിച്ച് പരീക്ഷയും കഴിഞ്ഞ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് സര്‍ട്ടിഫിക്കറ്റ് പരിശോധനയും പൂര്‍ത്തിയാക്കിയതിന് ശേഷം സര്‍വറിലെ സങ്കേതിക തകരാറ് കൊണ്ട് അപേക്ഷ കാണാതെ പോയ ആളുകളും ഈ ഉദ്യോഗാര്‍ഥികളുടെ കൂട്ടത്തിലുണ്ട്. ഇത്തരത്തില്‍ നിരവധി പരാതികള്‍ പി.എസ്.സിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ ന്യൂനതകള്‍ പരിഹരിക്കുന്നതിന് പകരം അത് ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന മട്ടില്‍ അവരുടെ തലയില്‍ ചാരി രക്ഷപ്പെടുകയാണ് പതിവ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് എല്‍.പി.യു.പി.എസ്.എ അപേക്ഷകര്‍.
അപേക്ഷ സമര്‍പ്പിച്ചിട്ടും അപേക്ഷ പ്രൊഫൈലില്‍ ഇല്ലാത്തത് കാരണം കണ്‍ഫര്‍മേഷന്‍ നല്‍ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത് നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ്.
ഇവരുടെയെല്ലാം അപേക്ഷ പി.എസ്.സി ഓണ്‍ലൈനായി സ്വീകരിച്ചിരുന്നു.
ഇതോടെ ഉദ്യോഗാര്‍ഥികളെല്ലാം പരീക്ഷയ്ക്കുള്ള തയാറെടുപ്പുകളും ആരംഭിച്ചു. അധ്യാപക തസ്തികയായത് കൊണ്ട് തന്നെ ഇനി ഈ തസ്തികയിലേക്കുള്ള നോട്ടിഫിക്കേഷന്‍ വരാന്‍ വര്‍ഷങ്ങളെടുക്കും.
ഇക്കാരണം കൊണ്ട് തന്നെ ഉദ്യോഗാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടാനായുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു.
പലര്‍ക്കും ഇനിയൊരു പരീക്ഷ എഴുതാനുള്ള പ്രായപരിധി പിന്നിട്ടവരുമാണ്. ഇവരാണ് ഇപ്പോള്‍ ദുരിതമനുഭവിക്കുന്നത്.
കണ്‍ഫര്‍മേഷന്‍ കൊടുക്കാനുള്ള മെസേജുകളും മറ്റു പല അറിയിപ്പുകളും വരുന്നത് കര്‍ണാടക പി.എസ്.സിയുടെ ഐ.ഡിയില്‍ നിന്നാണ്. ഈമാസം 11 ആണ് കണ്‍ഫര്‍മേഷന്‍ നല്‍കാനുള്ള അവസാന തീയതി.
സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപക ജോലി സ്വപ്നം കണ്ട് വര്‍ഷങ്ങളായി പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ അവസരം നഷ്ട്ടമാകുമോ എന്ന ആശങ്കയിലാണുള്ളത്. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നാണ് പി.എസ്.സിയുടെ നിലപാട്.
സബ്മിറ്റ് നല്‍കിയപ്പോള്‍ വിജയകരം എന്ന് കാണിച്ച പ്രൊഫൈല്‍ പ്രിന്റ് ഔട്ട് എടുത്ത് വെക്കാത്തതിനാല്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്. സാധാരണ ഗതിയില്‍ ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സമര്‍പിച്ചാല്‍ അതിന്റെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുകയോ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്യാറില്ല.
ഇങ്ങനെ ചെയ്യണമെന്ന് പി.എസ്.സി ഇതുവരെ ആവശ്യപ്പെട്ടിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."