മുഖ്യമന്ത്രിയെ മഹത്വവല്‍ക്കരിക്കുന്നത് നിര്‍ത്തി പുനരധിവാസത്തില്‍ ശ്രദ്ധിക്കണമെന്ന് യൂത്ത് ലീഗ്
കോഴിക്കോട്: പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയെ മഹത്വവല്‍ക്കരിക്കുന്ന പി.ആര്‍ ജോലികള്‍ നിര്‍ത്തി പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്.
വീട് റിപ്പയറും പുനര്‍ നിര്‍മാണവും ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ റവന്യൂവില്‍ നിന്നും മാറ്റി തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍നിന്ന് ദുരിതബാധിതരെ സഹായിക്കാന്‍ കേരളത്തിലേക്ക് എത്തിച്ച അവശ്യവസ്തുക്കള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം കാര്‍ഗോ ഓഫിസുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇവ ആവശ്യക്കാരിലെത്തിക്കാനുള്ള നടപടി വേണം.
പതിനായിരം രൂപ ദുരിതബാധിതര്‍ക്ക് അടിയന്തരമായി അനുവദിക്കുമെന്ന പ്രഖ്യാപനം നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. 25,000 രൂപയെങ്കിലും എത്രയും പെട്ടെന്ന് അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഡാമുകള്‍ തുറന്നുവിട്ടതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ നടന്ന ചര്‍ച്ചയുടെ മിനുട്‌സ് പുറത്തുവിടണം. ഡാമുകള്‍ തുറക്കുമ്പോള്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. ഇത് സംബന്ധിച്ച് കോടതിയുടെ മേല്‍ നോട്ടത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കും. സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ 18 ലക്ഷം രൂപയുടെയും വിവിധ ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ശാഖ കമ്മിറ്റികള്‍ മുഖേന 3.55 കോടി രൂപയുടെ വിഭവങ്ങള്‍ ക്യാംപുകളിലും വീടുകളിലും വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ 3114 വീടുകളും പ്രാദേശിക കമ്മിറ്റികള്‍ പതിനായിരത്തിലധികം വീടുകളും വൃത്തിയാക്കിയെന്നും ഫിറോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."