രണ്ടുപേരുടെ ജീവന് രക്ഷിക്കാനായി കുതിച്ചോടി; കൈയടി നേടി ആംബുലന്‍സ് ഡ്രൈവര്‍
ഉള്ളിയേരി: കഴിഞ്ഞ ദിവസം ഉള്ളിയേരിക്കടുത്ത് ഗുഡ്സ് ഓട്ടോ ബൈക്കിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തില്‍പെട്ട കായണ്ണ സ്വദേശികളായ രണ്ടുപേരെ ആശുപത്രിയിലെത്തിച്ചത് കുറ്റ്യാടി വേളം സ്വദേശി സിറാജ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ചികിത്സ തേടി മടങ്ങുകയായിരുന്നു രോഗിയെയും കൊണ്ട് തന്റെ ആംബുലന്‍സില്‍ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോകുകയായിരുന്ന സിറാജ് അപകട സ്ഥലത്തുനിന്നു ഇരുവരെയും മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. താന്‍ കൊണ്ടുപോയ രോഗിയെ അപകട സ്ഥലത്തിനടുത്തുള്ള വീട്ടില്‍ ഇറക്കി സുരക്ഷയൊരുക്കിയ ശേഷമാണ് സിറാജ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തെ തുടര്‍ന്ന് റോഡ് ബ്ലോക്കായത് എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് അപകടവിവരം അവിടെയെത്തിയ സിറാജ് അറിയുന്നത്. ആംബുലന്‍സ് കണ്ട് നാട്ടുകാര്‍ ആശ്വസിച്ച് കൈ കാണിക്കുകയായിരുന്നു. അതില്‍ രോഗിയെ കണ്ട് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും സിറാജ് അങ്ങനെ ചെയ്യാതെ ചോരയില്‍ പിടയുന്ന രണ്ടു യുവാക്കളുമായി ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.ഇവിടെ വച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം അപകടം പറ്റിയ യുവാക്കളെ ആശുപത്രിയിലെ മൊബൈല്‍ ഐ.സി.യു ആംബുലന്‍സില്‍ കോഴിക്കോട് മൈത്ര ആശുപത്രിയിലെത്തിച്ചു. സമയത്ത് എത്തിയതിനാല്‍ ഇവര്‍ സുഖം പ്രാപിച്ചു വരികയാണെന്നാണ് അറിയുന്നത്. സിറാജ് പിന്നീട് അപകട സ്ഥലത്തെത്തി താന്‍ കൊണ്ടുവന്ന രോഗിയുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നേരത്തെയും ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സിറാജ് നാട്ടുകാരുടെ അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."