ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം
ബെയ്‌റൂത്ത്: ലബനാനിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ ഇസ്‌റാഈല്‍ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ലബനാനില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലയായ സഗര്‍ത്തയില്‍പ്പെട്ട ഐതൂവിലാണ് ആക്രമണം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹിസ്ബുല്ലയ്ക്ക് സ്വാധീനമില്ലാത്ത ലബനാനിലെ അപൂര്‍വ പ്രദേശങ്ങളിലൊന്നാണിത്. ഇവിടത്തെ ജനവാസകേന്ദ്രങ്ങളെയാണ് മിസൈല്‍ ലക്ഷ്യംവച്ചത്. കൊല്ലപ്പെട്ട 22 പേരും സാധാരണക്കാരാണെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു.
ആക്രമണത്തില്‍ നാലുനില ജനവാസ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കൊല്ലപ്പെട്ട 22 പേരില്‍ 12 സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. മലയോര മേഖലയായ ഐതൂവില്‍നിന്ന് കറുത്ത പുകച്ചുരുളുകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ ലബനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നുകിടക്കുന്നതിന്റെയും അഗ്‌നിക്കിരയായതിന്റെയും ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
സംഘര്‍ഷമേഖലയായ മറ്റു പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ മാറിത്താമസിച്ച സ്ഥലമാണ് ഐതൂവെന്ന് മേയര്‍ ജോസഫ് ട്രാഡ് പറഞ്ഞു. ദക്ഷിണ ലബനാനില്‍നിന്ന് വടക്കന്‍ മേഖലയിലേക്ക് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് നേരത്തെ ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കിയതിനാലാണ് ഇവിടേക്ക് കൂടുതല്‍ ആളുകള്‍ മാറിത്താമസിച്ചത്. ഇത്തരത്തില്‍ പലായനം ചെയ്തവരും ഇസ്‌റാഈല്‍ ആക്രമണത്തിനിരയായി. സംഭവത്തില്‍ സയണിസ്റ്റ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, 22 സാധാരണക്കാരെ കൂട്ടക്കൊലചെയ്ത സംഭവത്തില്‍ എത്രയും പെട്ടെന്ന് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഓഫിസ് വക്താവ് ജെറമി ലോറന്‍സ് ആവശ്യപ്പെട്ടു. സാധാരണക്കാര്‍ കൂടുതല്‍ കൊല്ലപ്പെടുന്ന വാസ്തവം മുന്നിലുള്ളതിനാല്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍ തങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ടെന്നും ജെറമി ലോറന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."