ആരോഗ്യത്തില്‍ കൈയടി നേടി ജില്ല
കണ്ണൂര്‍: ആരോഗ്യരംഗത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ രണ്ട് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം. വളപട്ടണം കുടുംബാരോഗ്യകേന്ദ്രം, തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്കാണ് ഗുണനിലവാരത്തിനുള്ള ദേശീയ ബഹുമതിയായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. വളപട്ടണം കുടുംബാരോഗ്യകേന്ദ്രം 97 ശതമാനം മാര്‍ക്ക് നേടി ഇന്ത്യയില്‍ മൂന്നാം സ്ഥാനത്തും തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രം 95 ശതമാനം മാര്‍ക്ക് നേടി അഞ്ചാം സ്ഥാനത്തും എത്തി. ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങള്‍, ഒ.പി സൗകര്യങ്ങള്‍, ജീവനക്കാരുടെ കാര്യക്ഷമത, അവശ്യമരുന്നുകളുടെ ലഭ്യത, ലാബ് സൗകര്യങ്ങള്‍, ആരോഗ്യ സേവന പ്രവര്‍ത്തനങ്ങള്‍, രജിസ്റ്റര്‍ സൂക്ഷിപ്പ്, ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജനം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മുന്നൂറോളം മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ദേശീയ അംഗീകാരം നല്‍കുന്നത്.
പഞ്ചായത്ത് ഭരണസമിതിയുടെയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണ നായ്ക്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി ലതീഷ്, ജില്ലാ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം, ആശുപത്രികളിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍ തുടങ്ങി ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ഈ അംഗീകാരം ലഭിക്കുന്നതിന് കാരണമായത്. ആര്‍ദ്രം ഫണ്ട്, ആരോഗ്യ കേരളം പദ്ധതിയില്‍ അനുവദിക്കുന്ന ഫണ്ടുകള്‍, പഞ്ചായത്ത് ഫണ്ടുകള്‍, പ്രൊജക്ട് ഫണ്ട് എന്നിവയാണ് ആശുപത്രിയുടെ വിവിധ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുതിനായി ലഭ്യമാക്കിയത്.
ഇതോടെ ഇന്ത്യയിലെതന്നെ ഏറ്റവുമധികം സ്ഥാപനങ്ങള്‍ക്ക് നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ജില്ലയായി മാറിയിരിക്കുകയാണ് കണ്ണൂര്‍. കൊട്ടിയൂര്‍, കതിരൂര്‍, മലപ്പട്ടം, കാങ്കോല്‍, ചെറുതാഴം, പാട്യം എഫ്.എച്ച്.സികളും കൊളശ്ശേരി യു.പി.എച്ച് സിയും സംസ്ഥാനതല അസസ്‌മെന്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടി നാഷനല്‍ അസസ്‌മെന്റിനായി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."