സഹകരണസംഘം നഷ്ടത്തിലാണെന്ന് പറഞ്ഞ് പെന്‍ഷന്‍ നല്‍കാതിരിക്കരുത്: മനുഷ്യാവകാശ കമ്മിഷന്‍
ആലപ്പുഴ: സഹകരണ സംഘത്തിന്റെ സാമ്പത്തിക പരാധീനതയുടെ പേരുപറഞ്ഞ് ദീര്‍ഘകാലം ജോലി ചെയ്തശേഷം വിരമിച്ചവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസിന്റേതാണ് ഉത്തരവ്. വയലാര്‍ വിജയഭവനില്‍ ജി. ശൈലജ നല്‍കിയ പരാതിയിലാണ് നടപടി.
കയര്‍ വ്യവസായ സഹകരണ സംഘത്തില്‍നിന്ന് വിരമിച്ച തനിക്ക് സര്‍വിസ് ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു പരാതി. കമ്മിഷന്‍ കയര്‍വികസന ഡയരക്ടറില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.
കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന സാമ്പത്തികസഹായം ഉപയോഗിച്ചാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് സംഘങ്ങളാണ്. സംഘത്തിന്റെ സാമ്പത്തിക പരാധീനത കാരണമാണ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാത്തത്. കുടിശിക ഗഡുക്കളായി നല്‍കാന്‍ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2018-19 ബജറ്റില്‍ കയര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായി അഞ്ച് കോടി വകയിരുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കയര്‍ സഹകരണസംഘം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായി അംഗീകരിച്ച തുക സര്‍ക്കാരില്‍നിന്ന് ലഭ്യമാക്കി ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കമ്മിഷന്‍ കയര്‍വികസന ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."