മലയാളികളടക്കം സഊദി ജയിലുകളിലുള്ള 800 ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കും
റിയാദ്: സഊദിയില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ എണ്ണൂറോളം പേരെ ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ സഊദി ഗവണ്‍മെന്റിന്റെ ചെലവില്‍ സഊദി എയര്‍ലൈന്‍സിന്റെ ആറ് വിമാനങ്ങളിലായാണ് വിവിധ സംസ്ഥാനങ്ങളിലേക്കെത്തിക്കുകയെന്നാണ് വിവരം. കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ക്വാറന്റൈന്‍ സൗകര്യം വിലയിരുത്തിയാണ് ഇവര്‍ക്കുള്ള യാത്രാ സൗകര്യം ലഭ്യമാക്കുക.
കൊവിഡിനെ തുടര്‍ന്ന് വിമാന സര്‍വിസുകള്‍ നിലച്ചതോടെയാണ് ജയിലുകളില്‍ കഴിഞ്ഞിരുന്നവരെ നാട്ടിലെത്തിക്കുന്ന നടപടികള്‍ക്കും തടസം നേരിട്ടത്. ജിദ്ദ, റിയാദ്, ദമാം തര്‍ഹീലുകളില്‍ കഴിയുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും പാസ്‌പോര്‍ട്ടുകളോ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളോ നല്‍കിയിട്ടുണ്ട്. ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ ഏതാനും വിമാനത്താവളങ്ങളിലേക്കായിരിക്കും ഇവരെ എത്തിക്കുക. നടപടിക്രമം മുഴുവന്‍ പൂര്‍ത്തിയായെങ്കിലും വിമാന സര്‍വിസിനുള്ള അന്തിമ അനുമതി കൂടി ലഭ്യമാകുന്നതോടെ മാത്രമേ കൃത്യമായ യാത്രാ വിവരങ്ങള്‍ വ്യക്തമാകൂ.
മറ്റു രാജ്യക്കാരായി തര്‍ഹീലിലുണ്ടായിരുന്നവരെ അവരുടെ എംബസികള്‍ ഇടപെട്ട് നാട്ടിലെത്തിക്കാന്‍ നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിട്ടതാണ് ഇവരെ നാട്ടിലെത്തിക്കുന്നത് വൈകിച്ചത്. എങ്കിലും ഇന്ത്യന്‍ എംബസിയുടെയും ജിദ്ദ കോണ്‍സുലേറ്റിന്റെയും നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇവരെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.
തര്‍ഹീലിലുള്ളവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് വിഭാഗം കേന്ദ്ര സര്‍ക്കാരിനും ഇന്ത്യന്‍ എംബസിക്കും ജനപ്രതിനിധികള്‍ക്കും കഴിഞ്ഞ ദിവസം ഇ-മെയില്‍ അയച്ചിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്ത്രി, എം.പിമാരായ രാഹുല്‍ ഗാന്ധി, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍, ഡി.സി.എം എന്നിവര്‍ക്കാണ് ഇ-മെയില്‍ അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."