യു.എസ് ഓപണ്‍: ദ്യോകോവിച്ചും ഒസാകയും പ്രീ-ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച് യു.എസ് ഓപണിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന മൂന്നാം റൗണ്ട് മത്സരത്തിലും ജയം സ്വന്തമാക്കിയതോടെയാണ് താരം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഒന്നാം റാങ്കുകാരനും ഒന്നാം സീഡുമായ ദ്യോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് 29ാം റാങ്കുകാരനും 28ാം സീഡുകാരനുമായ ജാന്‍ ലിനാര്‍ഡ് സ്ട്രഫിനെ തകര്‍ത്താണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. 6-3,6-3,6-1 എന്ന സ്‌കോറിനായിരുന്നു ജയം.
പ്രീ ക്വാര്‍ട്ടറില്‍ 20ാം റാങ്കുകാരനായ സ്‌പെയിനിന്റെ പാബ്ലോ കരീനോ ബുസ്റ്റയെയാണ് ജോക്കോവിച്ച് നേരിടുന്നത്. കിരീട ഫേവറിറ്റുകളായ റോജര്‍ ഫെഡററും നിലവിലെ ചാംപ്യനായ റാഫേല്‍ നദാലും യു.എസ് ഓപ്പണില്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ കിരീട സാധ്യത ദ്യോകോവിച്ചിനാണ്. ഏഴാം റാങ്കുകാരനും അഞ്ചാം സീഡുമായ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഫ്രാന്‍സ് താരവും 32ാം സീഡുമായ അഡ്രിയാന്‍ മന്നാറിനോയെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് സ്വരേവ് തോല്‍പ്പിച്ചത്.
സ്‌കോര്‍ 6-7,6-4,6-2,6-2. അതേ സമയം സൂപ്പര്‍ താരവും ആറാം റാങ്കുകാരനുമായ ഗ്രീസിന്റെ സ്റ്റിഫാനോസ് ടിറ്റ്‌സിപാസ് മൂന്നാം റൗണ്ടില്‍ പുറത്തായി. ക്രൊയേഷ്യയുടെ ബോര്‍മ കോറിച്ചാണ് ടിറ്റ്‌സിപാസിനെ തോല്‍പ്പിച്ചത്. സ്‌കോര്‍6-7, 6-4, 6-4, 7-5, 7-6.
വനിതാ സിംഗിള്‍സില്‍ നവോമി ഒസാക്ക പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നാലാം സീഡായ ഒസാക്ക ഉക്രയിനിന്റെ മാര്‍ത്ത കോസ്ട്യൂക്കിനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് ജയിച്ചത്. സ്‌കോര്‍ 6-3,6-7,6-2. 23ാം റാങ്കുകാരി ജര്‍മനിയുടെ ഏഞ്ചലിക് കെര്‍ബര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 17ാം സീഡായ കെര്‍ബര്‍ സീഡില്ലാത്ത ആതിഥേയ താരം ആന്‍ ലിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബര്‍ തോല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."