ഡി.എ കുടിശിക: ഉത്തരവ് പിന്‍വലിച്ചതിനെതിരേ പ്രതിഷേധം
തിരുവനന്തപുരം: വര്‍ധിപ്പിച്ച ക്ഷാമബത്ത കുടിശിക ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം വിതരണംചെയ്യുമെന്ന ഉത്തരവ് അട്ടിമറിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം. ജീവനക്കാരുടെ വര്‍ധിപ്പിച്ച ഡിയര്‍നസ് അലവന്‍സും പെന്‍ഷന്‍കാരുടെ ഡിയര്‍നസ് റിലീഫും കുടിശിക ഉള്‍പ്പെടെ ഈ മാസത്തെ ശമ്പളത്തോടൊപ്പം വിതരണംചെയ്യുമെന്ന സര്‍ക്കാര്‍ വാഗ്ദാനമാണ് ലംഘിക്കപ്പെട്ടത്.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ പ്രഖ്യാപനം വോട്ടെടുപ്പ് കഴിഞ്ഞതോടെ കാറ്റില്‍പ്പറത്തിയെന്നാണ് ജീവനക്കാര്‍ പറയുന്നത്. പുതുക്കിയ നിരക്കിലുള്ള ഡി.എ 2018 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയുള്ള കുടിശിക സഹിതം ഏപ്രിലിലെ ശമ്പളത്തോടൊപ്പം പണമായി ലഭിക്കുമെന്നായിരുന്നു ഇക്കഴിഞ്ഞ നാലിന് ധനവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്.മന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിലും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മനോജ് ജോഷിയുടെ പുതിയ ഉത്തരവുപ്രകാരം ഡി.എ കുടിശിക ഈ മാസത്തെ ശമ്പളത്തോടൊപ്പമില്ലെന്നും പിന്നീട് പരിഗണിക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇതോടെ ഈ മാസത്തെ ശമ്പളത്തോടൊപ്പം ക്ഷാമബത്ത കുടിശിക പ്രതീക്ഷിച്ചിരുന്ന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും വെട്ടിലായി. വോട്ടെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ കാലുമാറിയെന്നാണ് ഇവരുടെ ആരോപണം. വര്‍ഷത്തില്‍ രണ്ടുതവണയാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജീവിത വില സൂചികയിലെ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് വര്‍ധനവ് നിശ്ചയിക്കുന്നത്.
2018 ജനുവരി ഒന്നുമുതലുള്ള രണ്ടു ശതമാനവും ജൂലൈ ഒന്നുമുതലുള്ള മൂന്ന് ശതമാനവും ചേര്‍ന്നുള്ള കുടിശികയാണ് ഇനി നല്‍കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."