ജോസ് കെ. മാണി എല്‍.ഡി.എഫിലേക്ക്
തിരുവനന്തപുരം: പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തോടുള്ള എതിര്‍പ്പില്‍ അയവുവരുത്തി സി.പി.ഐ. ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്നതിനെതിരേ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന സി.പി.ഐയെ അനുനയിപ്പിക്കുന്നതിനായി കഴിഞ്ഞദിവസം എ.കെ.ജി സെന്ററില്‍ സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയിലാണ് തീര്‍ത്തും അനുകൂലമല്ലെങ്കിലും നിലപാടില്‍ അയവുവരുത്തുന്നതിന് സി.പി.ഐ തയാറായത്.
ജോസ് വിഭാഗത്തിനെതിരേ ശക്തമായ എതിര്‍പ്പുമായി നിന്നിരുന്ന സി.പി.ഐ ഇതാദ്യമായാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനെങ്കിലും തയാറായത്.
ജോസ് പക്ഷം മുന്നണിയിലേക്ക് വരുന്നതിലുള്ള എതിര്‍പ്പ് ഇപ്പോഴുമുണ്ടെന്ന നിലപാടുതന്നെയാണ് സി.പി.ഐ മുന്നോട്ടുവച്ചത്.
എന്നാല്‍, യു.ഡി.എഫിനെ തള്ളിപ്പറഞ്ഞ് പുറത്തുവന്നാല്‍ മുന്നണി യോഗം ചേര്‍ന്ന് ആലോചിക്കാമെന്നാണ് യോഗത്തില്‍ സി.പി.ഐ വ്യക്തമാക്കിയത്. സി.പി.ഐ കടുത്ത എതിര്‍പ്പില്‍നിന്നു മാറിയതോടെ ജോസ് പക്ഷത്തിന് കൂടുതല്‍ പ്രതീക്ഷ കൈവന്നിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്, സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, മന്ത്രി ഇ.ചന്ദ്രശേഖരന് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
രാഷ്ട്രീയ നിലപാടെടുത്തതിന്റെ പേരില്‍ ജോസ് കെ.മാണി വഴിയാധാരമാകില്ലെന്നും ജോസിനോട് നിഷേധാത്മക നിലപാടില്ലെന്നും കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിരുന്നു. ജോസുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആവശ്യമെങ്കില്‍ ചര്‍ച്ച നടത്തുമെന്നുമുള്ള കോടിയേരിയുടെ പ്രസ്താവന യു.ഡി.എഫ് കേന്ദ്രങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."