സുരേഷ് കല്ലടക്ക് ക്ലീന്‍ചിറ്റില്ലെന്ന് പൊലിസ്
കൊച്ചി: ബസില്‍ യാത്രക്കാരെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട് ബസ് ഉടമ സുരേഷ് കല്ലടക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് പൊലിസ്. സുരേഷ് കല്ലടക്കെതിരേ കൂടുതല്‍ അന്വേഷണം വേണമെന്ന് അന്വേഷണസംഘം അറിയിച്ചു. സംഭവത്തില്‍ ഇയാള്‍ക്ക് മുന്നറിവുണ്ടായിരുന്നോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
അറസ്റ്റിലായ ഏഴുപ്രതികളെയും വൈറ്റിലയിലെ കല്ലട ഓഫിസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് പ്രതികളെ വൈറ്റിലയിലെത്തിച്ചത്. ഓരോരുത്തരെയായാണ് സംഭവം നടന്ന സ്ഥലത്തേക്ക് കൊണ്ടുവന്നത്. കല്ലട ബസിന്റെ വൈറ്റിലയിലെ ഓഫിസ്, മര്‍ദനം നടന്ന സ്ഥലം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ബസ് ഉടമ സുരേഷ് കല്ലടക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എ.സി.പി സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു.
ബസിനുള്ളിലും പുറത്തുവച്ചും യാത്രക്കാരെ മര്‍ദിച്ച സംഭവത്തിലെ ഗൂഢാലോചനയാണ് പൊലിസ് പരിശോധിക്കുന്നത്. ഇതേക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന ഉടമ സുരേഷ് കല്ലടയുടെ മൊഴി പൊലിസ് വിശ്വസിച്ചിട്ടില്ല. ഇതില്‍ വ്യക്തത വരുത്താനാണ് കസ്റ്റഡയിലുള്ള ഏഴുപേരെയും ചോദ്യം ചെയ്യുന്നത്. സുരേഷിന്റെയും അറസ്റ്റിലായ ജീവനക്കാരുടെയും മൊബൈല്‍ കോള്‍ റിക്കാര്‍ഡുകള്‍ അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്. കൃത്യത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് മര്‍ദനമേറ്റവരുടെ മൊഴി.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 24ന് തമിഴ്‌നാട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. കേസന്വേഷിക്കുന്ന ബസ് ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റ യുവാക്കളുടെയും സാക്ഷികളായ ചില യാത്രക്കാരുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. സാക്ഷികളെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുന്നതിലെ അപ്രായോഗികതമൂലമാണ് അന്വേഷണസംഘം തമിഴ്‌നാട്ടിലേക്ക് പോയത്. ഇതോടെ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായി. ബസിന് വെളിയില്‍ മര്‍ദിക്കുവാന്‍ കൂട്ടുനിന്ന എട്ടോളം പേരെയാണ് ഇനി കസ്റ്റഡിയിലെടുക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."