യു.പിയില്‍ മുന്‍ എം.എല്‍.എയെ മര്‍ദിച്ചു കൊലപ്പെടുത്തി
ലഖ്നൗ: യു.പി ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ മുന്‍ എം.എല്‍.എ നിര്‍വേന്ദ്ര കുമാര്‍ മുന്നയെ അക്രമിസംഘം മര്‍ദിച്ചു കൊലപ്പെടുത്തി. ലഖിംപൂരിലാണ് സംഭവം. നിര്‍വേന്ദ്ര കുമാര്‍ മുന്നയുടെ മകന് സഞ്ജീവ് കുമാര്‍ മുന്നയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ഭൂമി തര്‍ക്കമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്. പ്രദേശത്തെ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഭൂമി പിടിച്ചെടുക്കാന്‍ ഞായറാഴ്ച ഒരു സംഘം എത്തി.
നിര്‍വേന്ദ്ര കുമാറും മകനും ഇതു തടഞ്ഞു. തുടര്‍ന്ന് കിഷന് കുമാര്‍ ഗുപ്ത എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം നിര്‍വേന്ദ്ര കുമാര്‍ മുന്നയെയും മകനേയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നിര്‍വേന്ദ്ര കുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുന്‍ എംഎല്‍എ കൊല്ലപ്പെട്ടതിന് പിന്നാലെ ലഖിംപൂരില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി.
നിര്‍വേന്ദ്ര കുമാര്‍ മുന്ന 1989 ല്‍ നിഘാസന്‍ മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1991 ലും 93 ലും സമാജ്വാദി പാര്‍ട്ടി ടിക്കറ്റിലും വിജയിച്ചിരുന്നു. സംസ്ഥാനത്തെ ജംഗിള്‍ രാജ് ഭയാനകമായിരിക്കുന്നുവെന്ന് യു.പി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഹൃദയഭേദകമായ സംഭവമാണിതെന്നും ഇതേക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും സമാജ്വാദി പാര്‍ട്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."