കലക്ടറുടെ സഹപാഠികള്‍ കൈകോര്‍ത്തു; കൈമാറിയത് 1.15 ലക്ഷം രൂപ
കോഴിക്കോട്: നിര്‍മലഗിരി കോളജിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മ സമാഹരിച്ച 1.15 ലക്ഷം രൂപ ജില്ലാ കലക്ടര്‍ യു.വി ജോസിനു കൈമാറിയപ്പോള്‍ അതു നാല്‍പതു വര്‍ഷത്തിനു ശേഷമുള്ള സുഹൃത്തുക്കളുടെ ഒത്തുചേരല്‍ കൂടിയായി.
1976-78ലെ പ്രീ ഡിഗ്രി മാത്‌സ് ഫസ്റ്റ് ഗ്രൂപ്പ് ബാച്ചിന്റെ വാട്‌സ് ആപ് കൂട്ടായ്മയിലൂടെ ശേഖരിച്ച തുകയാണ് ക്ലാസ്‌മേറ്റ് കൂടിയായ കലക്ടര്‍ യു.വി ജോസിനു കൈമാറിയത്. നിലവില്‍ 52 പേര്‍ അംഗങ്ങളായുള്ള വാട്‌സ് ആപ് ഗ്രൂപ്പിനു തുടക്കം കുറിച്ചത് കലക്ടര്‍ തന്നെ.
ഹൈക്കോടതി അഭിഭാഷകനായ യു.പി ബാലകൃഷ്ണന്‍, കോഴിക്കോട് അരയിടത്തുപാലം ഫെഡറല്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജര്‍ പി.വി കൃഷ്ണകുമാര്‍, ബി.എസ്.എന്‍.എല്‍ കണ്ണൂര്‍ ഡിവിഷനല്‍ എന്‍ജിനീയര്‍ പി.സി ശ്രീനിവാസന്‍, ആര്‍ക്കിടെക്ട് ടി. സക്കറിയ, ജെ.എന്‍.എം.ജി.എച്ച്.എസ്.എസ് പുതുപ്പണം റിട്ട. പ്രധാനാധ്യാപിക ബി. ഗീത, പോസ്റ്റ്മാസ്റ്റര്‍ പി.വി അരവിന്ദാക്ഷന്‍, ജ്യോതി ഹരിറാം എന്നിവരാണ് തുക കൈമാറാനും പഴയ സഹപാഠിയെ നേരില്‍ കാണാനുമായി കലക്ടറേറ്റില്‍ എത്തിയത്. കോഴിക്കോട് കലക്ടറായ യു.വി ജോസും കൂടെ പഠിച്ച യു.വി.ജോസും ഒരാള്‍ തന്നെയാണെന്ന് ഈ വാട്‌സ് ആപ് കൂട്ടായ്മ വന്നതിനു ശേഷമാണ് ഇവരില്‍ പലരും അറിയുന്നത്.
ഈ മാസം 27നു നിശ്ചയിച്ച സംഗമം പ്രളയം മൂലം മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒട്ടേറെ സേവനപദ്ധതികള്‍ നടപ്പാക്കി ജനമനസുകളിലിടം നേടിയ സഹപാഠിക്കൊപ്പം സഞ്ചരിക്കാന്‍ ഇനിയും തയാറാണെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."