പ്രളയം: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മനുഷ്യനിര്‍മിത ദുരന്തമാണ് സംസ്ഥാനത്തുണ്ടായതെന്നും ഇതന്വേഷിക്കാന്‍ ജുഡിഷ്യല്‍ കമ്മിഷന്‍ രൂപീകരിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രത്യേക നിയമസഭാസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അനിയന്ത്രിതമായി അണക്കെട്ടുകള്‍ തുറന്നതാണ് ദുരന്തകാരണം. ഐ.എം.ഡിയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാനിടയായത്. ഇടുക്കി കലക്ടര്‍ മാത്രമാണ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. വെള്ളം കയറിയപ്പോള്‍ പത്തനംതിട്ട കലക്ടര്‍ ഉറങ്ങുകയായിരുന്നു.
ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഷോളയാറിലെ ജോയന്റ് ബോര്‍ഡ് അധ്യക്ഷനായിട്ടും മുന്നറിയിപ്പില്ലാതെ ഷോളയാര്‍ അണക്കെട്ട് തുറന്നത് ചാലക്കുടിയെ വെള്ളത്തിലാക്കി.
വയനാട്ടിലെ ബാണാസുരസാഗര്‍ തുറന്നുവിട്ടത് കലക്ടര്‍ പോലും അറിയാതെയാണ്. തോട്ടപ്പള്ളി സ്പില്‍ വേ പൂര്‍ണമായും തുറക്കാത്തതു മൂലം കുട്ടനാട്ടിലെ വെള്ളം താഴുന്നില്ല. ജലവിഭവ മന്ത്രി അങ്ങേയറ്റത്തെ വീഴ്ചയാണ് വരുത്തിയത്. വെള്ളപ്പൊക്കങ്ങളുടെ സാധ്യതയറിയാനുള്ള കേന്ദ്രജല കമ്മിഷന്റെ പദ്ധതിയില്‍ കേരളം അംഗമായിട്ടില്ല. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായിരുന്നു.
കെ.എസ്. ഇ.ബി നാഥനില്ലാക്കളരിയായി. സുപ്രീംകോടതിയില്‍ മുല്ലപ്പെരിയാര്‍ തുറക്കുന്നത് വെള്ളപ്പൊക്കമുണ്ടാക്കുമെന്ന് സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍, ജനങ്ങളോട് പറയുന്നത് വെള്ളം തുറന്നുവിട്ടതുകൊണ്ടല്ല വെള്ളപ്പൊക്കമുണ്ടായതെന്നാണ്.
രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പ്രകടമായത് ഒത്തൊരുമയും വിജയവുമാണ്. സ്വയം സന്നദ്ധരായാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയത്. ഇതും സര്‍ക്കാരിന്റെ ചെലവില്‍ ചേര്‍ക്കുകയാണ്. പട്ടാളത്തെ രക്ഷാ പ്രവര്‍ത്തനം ഏല്‍പിച്ചിരുന്നെങ്കില്‍ മരണസംഖ്യ ഇനിയും കുറയ്ക്കാമായിരുന്നു. ദുരിതബാധിതര്‍ക്ക് പ്രത്യേകം ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."