ജല അതോറിറ്റിയുടെ കുപ്പിവെള്ളം വൈകും
തിരുവനന്തപുരം: കേരള സംസ്ഥാന ജല അതോറിറ്റിയുടെ കുപ്പിവെള്ളമായ 'തെളിനീര്‍' വിപണിയിലെത്താന്‍ ഇനിയും നാളുകളെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണ് മാര്‍ച്ചില്‍ വിപണിയിലെത്തിക്കാനിരുന്ന കുപ്പിവെള്ള പദ്ധതി മന്ദഗതിയിലാക്കിയത്. ഇതോടെ ഈ വേനലിലും കുപ്പിവെള്ളം വിപണിയിലെത്താന്‍ സാധ്യതയില്ല.
ജൂണ്‍ അവസാനത്തോടെ കുപ്പിവെള്ളം വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജല അതോറിറ്റി അധികൃതര്‍ പറയുന്നു.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്, ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ അനുമതി മാത്രമാണ് അതോറിറ്റിയുടെ മുന്നിലുള്ള പ്രധാന കടമ്പകള്‍.
മറ്റു ലൈസന്‍സുകള്‍ ഇതിനകം ലഭ്യമായിട്ടുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെയും ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെയും പ്രതിനിധികള്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. രണ്ടാഴ്ചക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പെരുമാറ്റച്ചട്ടം അവസാനിച്ചതിനുശേഷം കുപ്പിവെള്ളത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളിലേക്കും കടക്കും.
വില, വിതരണരീതി തുടങ്ങിയ വിഷയങ്ങളിലും ഉടന്‍ തീരുമാനമുണ്ടാകും.
സാധാരണക്കാരന് ഗുണകരമാകും വിധമായിരിക്കും വില നിശ്ചയിക്കുക. ചെറുകിട കച്ചവടക്കാര്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവ വഴി കുപ്പിവെള്ളം വില്‍പന നടത്തുന്നതും പരിഗണനയിലാണ്. അരുവിക്കരയില്‍ 16 കോടി രൂപ മുതല്‍ മുടക്കിലാണ് കുപ്പിവെള്ള നിര്‍മാണശാല നിര്‍മിച്ചിരിക്കുന്നത്.
മണിക്കൂറില്‍ 7,200 ലിറ്ററാണ് നിര്‍മാണ ശാലയുടെ ഉല്‍പാദന ശേഷി. മാനവശേഷി ആവശ്യമുള്ളിടത്ത് വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക പരിജ്ഞാനമുള്ള തൊഴിലാളികളെ വിന്യസിച്ച് പ്ലാന്റ് പ്രവൃത്തിപ്പിക്കാനാണ് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."