ദേശീയപാതയില്‍ നീലേശ്വരത്ത് പാലം അപകടാവസ്ഥയില്‍
നീലേശ്വരം:ദേശീയപാതയില്‍ നീലേശ്വരത്ത് പാലം അപകടാവസ്ഥയില്‍. കാലപ്പഴക്കം മൂലം നീലേശ്വരം പാലം പുഴയിലേക്കുതാഴ്ന്ന് അപകടാവസ്ഥയിലായിട്ടും ഇവിടേക്ക് അധികൃതരുടെ ശ്രദ്ധ പതിഞ്ഞിട്ടില്ല. ദിനംപ്രതി ചെറുതും വലുതുമായ ആയിരക്കണക്കിനു വാഹനങ്ങളാണ് ഈ പാലത്തില്‍ കൂടി കടന്നുപോകുന്നത്. വാഹനത്തില്‍ പോകുന്ന യാത്രക്കാര്‍ ഭീതിയോടെയാണ് പാലത്തിലൂടെ യാത്ര ചെയ്യുന്നത്.
നീലേശ്വരം പാലത്തിന്റെ തെക്കുഭാഗം ഇപ്പോള്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഈ ഭാഗത്ത് പാലവും റോഡും തമ്മിലുള്ള കണക്ഷനും പൊട്ടി വേര്‍പെട്ട നിലയിലാണ്. പാലത്തിനുതാങ്ങുവാന്‍ പറ്റാത്തവിധം സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിളും കൈവരികളില്‍ ഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാലത്തിനുണ്ടായ ബലക്ഷയം യന്ത്രസഹായത്താല്‍ ശരിയാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും അപകടാവസ്ഥയിലായിരിക്കുകയാണ്. അമിതഭാരമുള്ള വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അസാധാരണമായ വലിയ ശബ്ദം ഉണ്ടാകുന്നതായി പുഴയില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പറയുന്നു.
ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ് പാലം ഗതാഗതത്തിനുതുറന്നു കൊടുത്തത്. നേരത്തെ പാലത്തിനു ബലക്ഷയമുണ്ടായപ്പോള്‍ പുതിയ പാലം നിര്‍മിക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും തുടര്‍പ്രവൃത്തിയൊന്നും നടന്നില്ല.
പാലം ബലക്ഷയം മൂലം തകരുന്നതിനു മുന്‍പ് പ്രാഥമിക പഠനം നടത്തി പാലത്തിന് ഉറപ്പുവരുത്തുകയോ പുതിയ പാലത്തിനായുളള നീക്കമോ നടത്തണമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."