ജില്ലാ ആശുപത്രിയിലെ സെപ്റ്റിക് ടാങ്കിന്റെ പൈപ്പ് പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നു
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ സെപ്ടിക് ടാങ്കിന്റെ പൈപ്പ് പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നു. ജനറല്‍ വാര്‍ഡിനു സമീപമുള്ള സെപ്റ്റിക് ടാങ്കിന്റെ പൈപ്പ് പൊട്ടിയാണ് മലിനജലം പുറത്തേക്കൊഴുകുന്നത്. അസഹ്യമായ ദുര്‍ഗന്ധവും രോഗികളെയും പരിചാരകരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഓപ്പറേഷന്‍ തിയറ്ററിന്റെയും പ്രസവവാര്‍ഡിന്റെയും പരിസരങ്ങളിലൂടെയാണ് സെപ്റ്റിക് ടാങ്കില്‍ നിന്നും വെള്ളം പുറത്തേക്കൊഴുകുന്നത്. ജനറല്‍ വാര്‍ഡിനുമുന്‍വശത്ത് സ്ഥാപിച്ച കുടിവെള്ള സംഭരണിയും പരിസരവും മലിന്യത്തില്‍ മുങ്ങിക്കിടക്കുകയാണ്. ജനറല്‍ വാര്‍ഡില്‍ നിന്നുള്ള ഡ്രൈനേജ് പൈപ്പുകളില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പൊട്ടലുകളുണ്ട്. ഡങ്കിപ്പനി, മഞ്ഞപ്പിത്തം വയറിളക്കം തുടങ്ങിയ പകര്‍ച്ച വ്യാധികളുമായി നൂറുകണക്കിനു രോഗികളാണ് ആശുപത്രിയില്‍ പ്രതിദിനം എത്തുന്നത്. ആദിവാസികളടക്കമുള്ള നിരവധി രോഗികളെ ജനറല്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിട്ടുമുണ്ട്. അസഹ്യമായ ദുര്‍ഗന്ധംമൂലം ആശുപത്രിയിലെത്തുന്നവരും വലയുകയാണ്. ആശുപത്രിയിലെ പുതിയകെട്ടിടത്തിന്റെ നിര്‍മാണത്തൊഴിലാളികള്‍ ദുര്‍ഗന്ധംമൂലം പണിനിര്‍ത്തിപ്പോവാന്‍ ഒരുങ്ങിയതിനെത്തുടര്‍ന്ന് അധികൃതരെത്തി മലിനജലമൊഴുന്നിടത്ത് ബ്ലീച്ചിംഗ് പൗഡര്‍ വിതറി പോവുകയായിരുന്നു. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ പുറത്തേക്കൊഴുകുന്നത് തടയുന്നതിനായി യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."