സംസ്ഥാനത്ത് ആറാമത്തെ പൊലിസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആറാമത്തെ പൊലിസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസ്ഥാനം പിന്നീട് കോഴിക്കോട്ടേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി നിര്‍മിച്ച വര്‍ക്കല, പൊന്‍മുടി പൊലിസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെയും കൊല്ലം റൂറല്‍ കമാന്‍ഡ് സെന്ററിന്റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി 100 പേരെ പുതിയ ബറ്റാലിയനില്‍ നിയമിക്കും. മൂന്നു വര്‍ഷത്തിനു ശേഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ബറ്റാലിയനില്‍ 1,000 പേരുണ്ടാകും. ഇതില്‍ പകുതിയും വനിതകളാകും.
സംസ്ഥാനത്ത് പൊലിസ് നിര്‍വഹണം ഫലപ്രദമായി നടപ്പിലാക്കാന്‍ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 25 പുതിയ പൊലിസ് സബ് ഡിവിഷനുകള്‍ക്ക് രൂപം നല്‍കും. നിലവില്‍ 60 സബ് ഡിവിഷനുകളാണുള്ളത്. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, എറണാകുളം റൂറല്‍, വയനാട്, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ പുതിയ വനിതാ പൊലിസ് സ്റ്റേഷനുകള്‍ തുറക്കും. ഇതോടെ സംസ്ഥാനത്തെ 19 പൊലിസ് ജില്ലകളിലും വനിതാ പൊലിസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാകും. നിലവില്‍ 14 പൊലിസ് ജില്ലകളിലാണ് വനിതാ പൊലിസ് സ്റ്റേഷനുകളുളളത്.സംസ്ഥാനത്ത് 15 പൊലിസ് ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷനുകളാക്കി മാറ്റും. നിലവില്‍ സൈബര്‍ പൊലിസ് സ്റ്റേഷനുകളുള്ളത് തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി, കോഴിക്കോട് സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളിലാണ്. ഇതോടെ 19 പൊലിസ് ജില്ലകളിലും സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷനുകള്‍ നിലവില്‍ വരും. ഐ.ജി റാങ്കിലുളള ഡയരക്ടറുടെ നേതൃത്വത്തില്‍ സോഷ്യല്‍ പൊലിസിങ് ഡയരക്ടറേറ്റ് രൂപീകരിക്കും. സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും സോഷ്യല്‍ പൊലിസിങ് വിഭാഗം നിലവില്‍ വരും. നിലവിലുളള കുറ്റാന്വേഷണ, ക്രമസമാധാന വിഭാഗങ്ങള്‍ക്ക് പുറമെയാണിത്. കണ്ണൂര്‍ ജില്ലയെ വിഭജിച്ച് കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നീ പൊലിസ് ജില്ലകള്‍ക്ക് രൂപം നല്‍കും. എല്ലാ പൊലിസ് സ്റ്റേഷനുകളെയും സര്‍വിസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."