മതസ്ഥാപനങ്ങള്‍ തുറക്കല്‍: സുപ്രിംകോടതി കേന്ദ്രത്തിന്റെ നിലപാട് തേടി
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട രാജ്യത്തെ മതസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്്‌ദെ അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗിതാര്‍ത്ഥ് ഗംഗാ ട്രസ്റ്റാണ് ഹരജിക്കാര്‍. കൊവിഡും അനുബന്ധ ലോക്ക്ഡൗണും ജനങ്ങളുടെ മാനസികാരോഗ്യത്തെയും ബാധിച്ചതായി ഹരജി ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്ക് അവരുടെ ആത്മീയ സന്തോഷങ്ങള്‍ തിരികെ നല്‍കുന്നതിലൂടെ ഇതിനു പരിഹാരം കാണാന്‍ സാധിക്കും. അതിനാല്‍ രാജ്യത്തെ ക്ഷേത്രങ്ങള്‍, മുസ്്‌ലിം പള്ളികള്‍, ചര്‍ച്ചുകള്‍, ഗുരുദ്വാരകള്‍ തുടങ്ങിയവയെല്ലാം പഴയ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.
ഭരണഘടന നല്‍കുന്ന ആരാധനാകര്‍മങ്ങള്‍ക്കായുള്ള അവകാശങ്ങള്‍ കുറച്ചുകാലമായി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് വാണിജ്യം അനുവദിക്കുന്നുണ്ട്. എന്നാല്‍ മതസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയില്ല. ഇതു വിവേചനമാണ്. പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണമാണ് മതസ്ഥാപനങ്ങളുടെ മേല്‍ വച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിച്ച് മതസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. രാജ്യത്തെ ജനങ്ങളുട മാനസികാരോഗ്യം കൂടി പരിഗണിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഹരജി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."