സഊദിയില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തിനു നികുതി; വീണ്ടും ശൂറ കൗണ്‍സില്‍ പരിഗണനയ്ക്ക്
റിയാദ്: രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികള്‍ തങ്ങളുടെ ശമ്പളം നാട്ടിലേക്കയക്കുന്നതിനു നികുതിയേര്‍പ്പെടുത്തണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നതോടെ പരമോന്നത സഭയായ ശൂറ കൗണ്‍സില്‍ വീണ്ടും ചര്‍ച്ചക്കെടുക്കുന്നു. ബുധനാഴ്ച ചേരുന്ന ശൂറ കൗണ്‍സില്‍ യോഗം നിര്‍ദേശം വീണ്ടും പുനഃപരിശോധിക്കും. ശൂറ കൗണ്‍സിലിന്റെ സാമ്പത്തിക സമിതി മുന്നോട്ടു വെച്ച നിര്‍ദേശം മുന്‍ കൗണ്‍സില്‍ അംഗം അല്‍ ഹുസാം അല്‍ അന്‍കാരിയാണ് തയ്യാറാക്കിയത്. നേരത്തെയും പല തവണ ഈ ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നെകിലും ഇത് തള്ളപ്പെടുകയായിരുന്നു. ഇതിനു പുറമെ ശമ്പളത്തിനും നികുതിയേര്‍പ്പെടുത്തണമെന്ന ആവശ്യവും നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ ആവശ്യം ഉയര്‍ന്നിട്ടില്ലെന്നത് വിദേശികള്‍ക്ക് ആശ്വാസമാണ്.
രാജ്യത്ത് നിന്നും ലഭിക്കുന്ന പണത്തിന്റെ നല്ലൊരു ശതമാനം ഇവിടെ തന്നെ വിനിയോഗിക്കാന്‍ വിദേശികളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. പുറത്തേക്കുള്ള പണമൊഴുക്ക് തടയാന്‍ നേരത്തെയും പല വിധത്തിലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതോടൊപ്പം, ബിനാമി ബിസിനസ് ചെയ്തും സാമ്പത്തിക രംഗത്തിനു ക്ഷീണം വരുന്ന നിലയില്‍ പുറത്തേക്ക് പണമൊഴുകുന്നതും അധികൃതര്‍ ഗൗരവമായാണ് കാണുന്നത്. ബിനാമി ബിസിനസ്സ് തടയുന്നതും ഇതിനു പിന്നില്‍ ലക്ഷ്യമാക്കുന്നുണ്ട്. നിലവില്‍ വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനു നികുതിയില്ലെങ്കിലും അയക്കുന്ന പണത്തിന്റെ സര്‍വ്വീസ് ചാര്‍ജിനു വാറ്റ് മാത്രമാണുള്ളത്. നിലവിലെ വാറ്റ് അവസ്ഥയില്‍ ഇത് വെറും ഒരു റിയാല്‍ മാത്രമേയുള്ളൂവെന്നതിനാല്‍ വിദേശികള്‍ക്ക് ഒരു ഭാരമായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."