കടുത്ത ചൂടും നോമ്പും: വോട്ടെടുപ്പ് പുലര്‍ച്ചെ അഞ്ച് മുതലാക്കുന്നതില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി നിര്‍ദേശം
ന്യൂഡല്‍ഹി: റംസാന്‍ നോമ്പുകാലത്ത് വോട്ടെടുപ്പ് നേരത്തെയാക്കണമെന്ന ഹരജിയില്‍ പരിശോധിച്ച് വേണ്ട ഉത്തരവ് പുറപ്പെടുവിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതി നിര്‍ദേശം.
ഉത്തരേന്ത്യയിലെ കടുത്ത ചൂടില്‍ നോമ്പെടുത്ത വോട്ടര്‍മാര്‍ക്ക് വരിനില്‍ക്കാനുള്ള പ്രയാസം കണക്കിലെടുത്ത,് വോട്ടെടുപ്പ് തുടങ്ങുന്നത് നിലവിലെ ഏഴു മണിയില്‍ നിന്ന് അഞ്ചുമണിയാക്കണമെന്ന പൊതുതാല്‍പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. അഭിഭാഷകനായ മുഹമ്മദ് നിസാമുദ്ദീന്‍ പാഷയാണ് ഹരജിക്കാരന്‍.
വോട്ടെടുപ്പ് രാത്രിയിലേക്ക് നീട്ടിവയ്ക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ നേരത്തെ തുടങ്ങാന്‍ തടസ്സമില്ലെന്ന് മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. കടുത്ത ചൂടില്‍ നോമ്പെടുത്ത് വരിനില്‍ക്കുകയെന്നത് മുസ്‌ലിംകള്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. നോമ്പുകാലത്ത് സ്ത്രീപുരുഷ വ്യത്യസമോ പ്രായവ്യത്യാസമോ ഇല്ലാതെ മുസ്‌ലിംകള്‍ പകല്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കും. നോമ്പുകാര്‍ അതിരാവിലെ എഴുന്നേല്‍ക്കുന്ന പതിവുള്ളതിനാല്‍ പുലര്‍ച്ചെ വന്ന് വോട്ട് ചെയ്യാന്‍ അവര്‍ക്ക് പ്രയാസമുണ്ടാകില്ല. അതിനാല്‍ വോട്ടെടുപ്പ് തുടങ്ങുന്ന സമയം പുലര്‍ച്ചെ 4.30 മുതലോ അഞ്ചു മുതലോ ആക്കണമെന്ന് ഹരജിക്കാരന്റെ അഭിഭാഷക ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പില്‍ ഇനി മൂന്ന് ഘട്ടങ്ങള്‍ കൂടിയാണ് ബാക്കിയുള്ളത്. ഈ മാസം ആറ്, 12, 19 എന്നീ തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."