കൊവിഡ് വാക്‌സിന്‍ പരീക്ഷണം; ഓക്‌സ്ഫഡ് വളന്റിയര്‍ക്ക് ബാധിച്ചത് നാഡീസംബന്ധ രോഗം
ലണ്ടന്‍: ആസ്ട്രസെനെകയുടെ സഹായത്തോടെ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനിടെ മരുന്ന് കുത്തിവെച്ച ബ്രിട്ടനിലെ വനിതാ വോളണ്ടിയര്‍ക്ക് ബാധിച്ചത് നാഡീസംബന്ധമായ അസുഖം.
നട്ടെല്ലിന്റെ കോശങ്ങളെ ബാധിക്കുന്ന അപൂര്‍വവും ഗുരുതരവുമായ ട്രാന്‍സ്‌വേഴ്‌സ് മൈലൈറ്റിസ് എന്ന അസുഖമാണ് ബാധിച്ചതെന്ന് അമേരിക്ക അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംബന്ധമായ ന്യൂസ് പോര്‍ട്ടലായ സ്റ്റാറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആസ്ട്രസെനെക സി.ഇ.ഒ പാസ്‌കല്‍ സൊറിയോട്ടാണ് കമ്പനി നിക്ഷേപകരോട് സ്വകാര്യ സംഭാഷണത്തിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ പരീക്ഷണത്തില്‍ അവര്‍ക്ക് സുഖപ്പെടുന്നുണ്ടെന്നും ഉടന്‍ തന്നെ ആശുപത്രി വിടുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് മരുന്നിന്റെ ആഗോള പരീക്ഷണം നിര്‍ത്തിവയ്ക്കുന്നതായി ആസ്ട്രസെനെക അറിയിച്ചത്. എന്നാല്‍ അടുത്തയാഴ്ച പരീക്ഷണങ്ങള്‍ പുനരാരംഭിച്ചേക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നു. ഈ റിപ്പോര്‍ട്ടിനോട് ആസ്ട്രസെനെക ഇതുവരെ പ്രതികരിച്ചിട്ടില്ല.
രോഗമുണ്ടായത് വാക്‌സിന്റെ പാര്‍ശ്വഫലം കൊണ്ടാണോയെന്ന് വിശദമായി പഠിച്ച ശേഷമാകും പരീക്ഷണം തുടരുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ പരീക്ഷണത്തിനിടെ മറ്റൊരാള്‍ക്ക് നാഡികളെ ബാധിക്കുന്ന മള്‍ട്ടിപിള്‍ സ്‌ക്ലിറോസിസ് എന്ന രോഗമുണ്ടായതിനെ തുടര്‍ന്ന് കമ്പനി ജൂലൈയില്‍ ഇതുപോലെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
മരുന്നുപരീക്ഷണത്തിനിടെ ഇതുപോലുള്ള സംഭവങ്ങള്‍ പതിവാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇന്ത്യയില്‍ ഓക്‌സ്ഫഡിന്റെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."