വൃദ്ധയുടെ മൃതദേഹം കത്തിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
വെള്ളിക്കുളങ്ങര ( തൃശൂര്‍): കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തു. വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കോട്ടുകരക്കാരന്‍ ചെറിയകുട്ടി (92) യെയാണ് വെള്ളിക്കുളങ്ങര പൊലിസ് അറസ്റ്റു ചെയ്തത്.
ഇയാളുടെ ഭാര്യ കൊച്ചുത്രേസ്യ(87) യെയാണ് പ്രതി കൊന്നു കത്തിച്ചത്. വീട്ടില്‍ ഇരുവരും മാത്രമായിരുന്നു താമസം. കൊച്ചുത്രേസ്യയെ ആഗസ്റ്റ് 27 മുതല്‍ കാണാതായിരുന്നു. അന്നു രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. ഇരുനില വീടിന്റെ മുകളിലെ നിലയില്‍ കിടപ്പുമുറിയില്‍ കിടക്കുകയായിരുന്ന ചെറിയകുട്ടിയെ വടിയുമായി ഉപദ്രവിക്കാനെത്തിയ കൊച്ചുത്രേസ്യയെ പ്രതി തള്ളി താഴെ വീഴ്ത്തി.
ഇതിനിടെ അലമാരയില്‍ തലയിടിച്ചു വീണ് കൊച്ചുത്രേസ്യ മരിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെ മൃതദേഹം വീടിന്റെ സണ്‍ ഷെയ്ഡിലൂടെ വലിച്ചിഴച്ച് വീടിനു പിറകില്‍ താഴേക്കു തള്ളിയിട്ട് കത്തിച്ചു. മൃതദേഹത്തിന്റെ വളരെ കുറച്ച് അവശിഷ്ടങ്ങള്‍ മാത്രമാണ് പൊലിസിന് കിട്ടിയത്.
അതേസമയം തന്റെ അമ്മയെ കാണ്‍മാനില്ലെന്നു കാണിച്ച് ഇളയ മകന്‍ ജോബി ചൊവ്വാഴ്ച്ച പൊലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് അന്വേഷണത്തിനെത്തിയ പൊലിസിനോട് കൊച്ചുത്രേസ്യ ഓട്ടോയില്‍ കയറി ബന്ധു വീട്ടിലേക്ക് പോയെന്നാണ് ചെറിയകുട്ടി പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബന്ധുക്കളുടെ വീടുകളില്‍ കൊച്ചുത്രേസ്യ എത്തിയിട്ടില്ലെന്ന് പൊലിസിന് ബോധ്യമായി. അതിനിടെ വീടിന്റെ പിറകില്‍ എന്തോ കത്തിച്ചതിന്റെ ലക്ഷണംകണ്ട മക്കള്‍ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റം തെളിഞ്ഞത്.
കൊലപാതകത്തിന് ശേഷം ഭാര്യ ധരിച്ചിരുന്ന മാല, വള, കമ്മല്‍, മോതിരം എന്നിവ മകന്‍ ജോസിന്റെ ഇത്തനോളിയിലുള്ള വളപ്പിലെ റബ്ബര്‍ മരത്തിനു കീഴെ കുഴിച്ചിട്ടിരുന്നതും ചെറിയകുട്ടിയുടെ മൊഴി പ്രകാരം പൊലിസ് കണ്ടെടുത്തു.
ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷ്, കൊടകര സി.ഐ കെ. സുമേഷ്, വെള്ളിക്കുളങ്ങര എസ്.ഐ എസ്.എല്‍ സുധീഷ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കി.
മക്കള്‍: ജെസി, ജെയ്‌സണ്‍, ജോസ്, ജോണ്‍സണ്‍, ചുമ്മാര്‍, മോളി, ജോബി. മരുമക്കള്‍: ജോസ്, ലിസി, ജോസി, ബേബി, വത്സ, ജോസ്, മിനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."