യുവേഫാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ലൂക്കാ മോഡ്രിച്ച് യൂറോപ്പിന്റെ താരം
സൂറിച്ച്: റയല്‍ മാഡ്രിഡ് താരവും ക്രൊയേഷ്യന്‍ നായകനുമായ ലൂക്കാ മോഡ്രിച്ചിനെ യൂറോപ്പിലെ മികച്ച പുരുഷ ഫുട്‌ബോളറായി തിരഞ്ഞെടുത്തു. റയല്‍ മാഡ്രിഡിന്റെ കൂടെ ചാംപ്യന്‍സ് ലീഗിലും ക്രോയേഷ്യയുടെ കൂടെ ലോകകപ്പിലും പുറത്തെടുത്ത അവിസ്മരണീയമായ പ്രകടനമാണ് താരത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്. റയല്‍ മാഡ്രിഡില്‍ തന്റെ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിനെയും പിന്തള്ളിയാണ് ലൂക്കാ മോഡ്രിച്ച് വിജയിയായത്. റയല്‍ മാഡ്രിഡിന്റെ കൂടെ ഹാട്രിക് ചാംപ്യന്‍സ് ലീഗ് കിരീടം എന്ന ചരിത്ര നേട്ടവും ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു.
ക്രോയേഷ്യ മോഡ്രിച്ചിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് റഷ്യന്‍ ലോകകപ്പില്‍ ഫൈനലിലെത്തിയത്. 313 പോയിന്റുമായിട്ടാണ് മോഡ്രിച്ചിനെ മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുത്തത്. രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 223 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന് 134 പോയിന്റാണുള്ളത്. യൂറോപ്പിലെ മികച്ച മിഡ്ഫീല്‍ഡര്‍ അവാര്‍ഡും ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. റയല്‍ മാഡ്രിഡ് ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിനെയാണ് മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുത്തിട്ടുള്ളത്. ചാംപ്യന്‍സ് ലീഗില്‍ 11 മത്സരങ്ങളില്‍ 990 മിനുട്ടാണ് നവാസ് കളത്തിലിറങ്ങിയത്. നവാസിന്റെ മികച്ച ഗോള്‍കീപ്പിങ്ങിന്റെ കരുത്തിലായിരുന്നു റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. 222 പോയിന്റ് നേടിയാണ് നവാസ് കീപ്പര്‍മാരില്‍ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബക്കറിന് 197 പോയിന്റ് മാത്രമാണ് ലഭിച്ചത്.
യൂറോപ്പിലെ മികച്ച ഡിഫന്‍ഡറായി റയല്‍ മാഡ്രിഡിന്റെയും സ്‌പെയിനിന്റെയും സെന്റര്‍ ബാക്കായ സെര്‍ജിയോ റാമോസിനെ തിരഞ്ഞെടുത്തു. ചാംപ്യന്‍സ് ലീഗിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് റാമോസിനെ മികച്ച ഡിഫന്‍ഡറായി തിരഞ്ഞെടുത്തിട്ടുള്ളത്. റയല്‍ മാഡ്രിഡിനായി 11 മത്സരങ്ങള്‍ കളിച്ച റാമോസ് 990 മിനുട്ട് കളത്തില്‍ ചെലവഴിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡിനായി ഒരു ഗോളും റാമോസ് നേടിയിട്ടുണ്ട്. ഡിഫന്‍ഡര്‍മാരുടെ തിരഞ്ഞെടുപ്പില്‍ 184 പോയിന്റാണ് റാമോസിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് താരം റാഫേല്‍ വരാനേക്ക് 167 പോയിന്റും ലഭിച്ചു. റയല്‍ മാഡ്രിഡ് ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ യൂറോപ്പിലെ മികച്ച ഫോര്‍വേഡായും തിരഞ്ഞെടുത്തു. ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനായി താരം 13 മത്സരങ്ങളില്‍ നിന്നായി 15 ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1170 മിനുട്ടാണ് ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡിനായി ചാംപ്യന്‍സ് ലീഗില്‍ ഗ്രൗണ്ടില്‍ ചെലവഴിച്ചത്. ഒന്നാം സ്ഥാനത്തെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 287 പോയിന്റ് നേടി. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ഫോര്‍വേഡ് മുഹമ്മദ് സലാഹ് 218 പോയിന്റ് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."