തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി; ഉപ തെരഞ്ഞെടുപ്പ് വേണ്ടെന്ന് സര്‍വ്വ കക്ഷി യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം
തിരുവനന്തപുരം: കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ഥിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സായി നടന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കൊവിഡിന്റെ സാഹചര്യത്തില്‍ താല്‍ക്കാലികമായി അല്‍പം മാറ്റിവെക്കാനും എന്നാല്‍ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ഥിക്കും.
കൊവിഡ് വ്യാപനത്തിന് അനുസരിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി ഒഴിച്ചുള്ള എല്ലാവരും ഇതിനോട് യോജിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, കൊവിഡിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോഴുള്ള പ്രായോഗികമായ ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തില്‍ ചെറിയ മാറ്റമുണ്ടാവേണ്ടതുണ്ടെന്നും യോഗത്തില്‍ തീരുമാനമായി.
നേരത്തെ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സംയുക്തമായി സമീപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 18ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."