ജില്ലയില്‍ സമഗ്ര ആരോഗ്യ പരിരക്ഷ നടപ്പാക്കും
കാഞ്ഞങ്ങാട്: ജീവിതശൈലീ രോഗനിര്‍ണയത്തിന്റെ പരിശോധന സംവിധാനങ്ങള്‍ വാര്‍ഡ് തലത്തിലേക്കു വ്യാപിപ്പിക്കുവാന്‍ പദ്ധതി. ആരോഗ്യ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ശില്‍പശാലയിലാണ് ഇതു സംബന്ധിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ ധാരണയായത്. ശുചിത്വവും മാലിന്യവും, കുടിവെള്ളം, ആരോഗ്യ ശീലങ്ങള്‍, ഇതര ദേശ തൊഴിലാളികളുടെ ആരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കല്‍,സ്ത്രീപക്ഷ വികസനം,സാമൂഹ്യ സുരക്ഷാ, ആഹാരം,പച്ചക്കറി തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചാണു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയാറാക്കുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്ത് തലങ്ങളില്‍ പ്ലാസ്റ്റിക് ശേഖരണ യൂനിറ്റു സ്ഥാപിച്ച് അവ വേര്‍തിരിച്ചു സംസ്‌കരിക്കുന്നതിനും പ്ലാസ്റ്റിക് ഉപയോഗം കുറച്ച് തുണി സഞ്ചികള്‍ നിര്‍മിക്കുന്നതിനുള്ള യൂനിറ്റുകള്‍ ബ്ലോക്ക് തലത്തില്‍ സ്ഥാപിക്കുന്നതിനും നടപടികള്‍ ഉണ്ടാക്കും.
പൊതുശുചിത്വത്തിനു പ്രാധാന്യം നല്‍കി കമ്മ്യൂണിറ്റി ശൗചാലയങ്ങള്‍ ഉണ്ടാക്കാന്‍ പദ്ധതികളുണ്ടാക്കും. ലഹരിവിമുക്ത നാട് എന്ന ലക്ഷ്യപ്രാപ്തിക്ക് ബോധവല്‍ക്കരണം ശക്തിപ്പെടുത്തും. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണം തേടും. വൃക്ക സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്താന്‍ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ക്യാംപും പരിശോധനാ സംവിധാനവും നടപ്പാക്കും. ജൈവകൃഷി പ്രോത്സാഹനം, വയോജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍, മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ രോഗികള്‍ക്ക് തുടര്‍ചികിത്സ ലഭ്യമ ാക്കല്‍ എന്നിവയ്ക്കായി പ്രത്യേക പ്രൊജക്ടുകളും തയാറാക്കും. ആയുര്‍വേദ, ഹോമിയോ മറ്റു ചികിത്സാ രീതികള്‍ക്കും പ്രാധാന്യം നല്‍കി പ്രൊജക്ടുകള്‍ ഉണ്ടാക്കും.
കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫിസ് കോഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാല ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.പി ദിനേശ്കുമാര്‍ അധ്യക്ഷനായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ഇ മോഹനന്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ.ഇ.വി ചന്ദ്രമോഹന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.അഭിന്‍ എസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."