ഇടുക്കി ഡാമിന് മുകളിലൂടെ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍
തൊടുപുഴ :തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ കെഎസ്ആര്‍ടിസി 12 ബസുകള്‍ ഇന്നലെ സര്‍വീസ് നടത്തി. സര്‍വീസ് പുനരാരംഭിച്ചത് ബുധനാഴ്ചയായിരുന്നു. ആദ്യ ദിനത്തില്‍ നാല് ബസ്സുകളും വ്യാഴാഴ്ച എട്ട് ബസ്സുകളുമാണ് ഓടിയത്.
ഇടുക്കി-ചെറുതോണി ഡാമുകള്‍ക്കു മുകളിലൂടെയായിരുന്നു ഇവ ഓടിയത്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നു ചെറുതോണി പാലം ഗതാഗതയോഗ്യമല്ലാതായതോടെ തൊടുപുഴ-കട്ടപ്പന റൂട്ടിലെ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു.ഇതേ തുടര്‍ന്നാണു ചൊവ്വ മുതല്‍ ഇടുക്കി ഡാമിനു മുകളിലൂടെ ബസുകള്‍ ഓടിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. നീളം കുറഞ്ഞ ബസുകളാണു സര്‍വീസ് നടത്തുന്നത്.
രാവിലെ 7.50 മുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് ഉണ്ടാകും. യാത്രക്കാരുടെ തിരക്കു പരിഗണിച്ച് കട്ടപ്പനയില്‍ നിന്നു കരിമ്പന്‍, ചെറുതോണി വഴി കുയിലിമല വരെ ഒരു ലോങ് ചേസ് ബസ് ഓടിച്ചു. കൂടാതെ തൊടുപുഴയില്‍ നിന്ന് ഓഫിസ് സമയത്തു കുളമാവു വരെയും പ്രത്യേക സര്‍വീസ് അയച്ചു. തൊടുപുഴ മുതല്‍ കുളമാവു വരെ ബസോടിക്കാന്‍ സ്വകാര്യബസ് ഉടമകളോട് ആവശ്യപ്പെട്ടെങ്കിലും ചെറുതോണി വരെയെങ്കിലും ഓടിയാല്‍ മാത്രമേ സര്‍വീസ് ലാഭകരമായി ഓടിക്കാന്‍ സാധിക്കൂവെന്ന് ഉടമകള്‍ അറിയിച്ചതായി ആര്‍ടിഒ ആര്‍ രാജീവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."