കലിതുള്ളിയ കാലവര്‍ഷത്തിലും നിറയാതെ ആനയിറങ്കല്‍ ഡാം
രാജാക്കാട്: കനത്ത മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ നിറഞ്ഞ് തുറന്ന് വിട്ടപ്പോള്‍ ഇതുവരെ പരമാവധി സംഭരണ ശേഷിയിലേയ്ക്ക് എത്താത്ത ഒരണക്കെട്ടുണ്ട്. ആനയിറങ്കല്‍ ജലാശയമാണ് ഇപ്പോളും ജലനിരപ്പ് താഴ്ന്ന് നിലനില്‍ക്കുന്നത്.
84 ശതമാനം വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. പരമാവധി സംഭരണ ശേഷിയിലേയ്ക്ക് എത്തണമെങ്കില്‍ ഇനിയും ഏഴടികൂടി ജലനിരപ്പ് ഉയരണം.
പന്നിയാര്‍ പവര്‍ ഹൗസിലേയ്ക്ക് വെള്ളമെത്തിയ്ക്കുന്നതിന് വേണ്ടിനിര്‍മ്മിച്ചിരിക്കുന്ന പൊന്മുടി അണക്കെട്ടിന്റെ സ്റ്റോറേജ് ഡാമാണ് ആനയിറങ്കല്‍. അതുകൊണ്ട് തന്നെ പെന്‍മുടി ജലാശത്തിലെ ജലനിരപ്പ് താഴുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അണക്കെട്ട് തുറന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്‍മുടി ജലാശത്തിലേയ്ക്ക് ഒവുക്കിവിടും. ഇതോടെ ആനയിറങ്കിലിലെ ജലനിരപ്പ് ഗണ്യമായി കുറയുകയും പിന്നീട് കാലവര്‍ഷത്തില്‍ വീണ്ടും വെള്ളം സംഭിരിക്കുകയുമാണ് ചെയ്യുന്നത്. ഇത്തവണയും ജനുവരി മുതല്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി പൊന്മുടിയിലേയ്ക്ക് വെള്ളം ഒവുക്കിയിരുന്നു. അതുകൊണ്ട് തന്നെ ശക്തമായ മഴ പെയ്തപ്പോള്‍ മുഴുവന്‍ ജലവും അണക്കെട്ട് തുറന്ന് വിടാതെ സംഭരിക്കുവാന്‍ കഴിഞ്ഞു. 84. 7 കിലോമീറ്റര്‍ ചുറ്റളവിലാണ് അണക്കെട് വ്യാപിച്ചുകിടക്കുന്നത്. ഇനി തുലാവര്‍ഷ മഴ ശക്തമായി ലഭിച്ചാല്‍ മാത്രമാണ് അണക്കെട് പൂര്‍ണ്ണ സംഭരണശേഷിയില്‍ എത്തുക.
പൊന്മുടി അണക്കെട്ടിലേയ്ക്ക് വെള്ളമെത്തിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനാല്‍ ശക്തമായ മഴയില്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടാകുന്നില്ല.
കടുത്ത വേനലില്‍ നിറ സമൃദ്ധമായി നിലനില്‍ക്കുന്ന ഏക അണക്കെട്ടെന്ന പ്രത്യേകതയും ആനയിറങ്കല്‍ ജലാശയത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."