HOME
DETAILS
MAL
കറുത്ത ചിത്രങ്ങളെയും കുടിയിറക്കുമ്പോള്‍
backup
September 12 2020 | 20:09 PM
2020 മെയ് 25ാം തിയ്യതി അമേരിക്കയിലെ മിനസോട്ടയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന നാല്‍പ്പത്തിയാറുകാരനായ ഒരു കറുത്ത വര്‍ഗക്കാരന്‍ നിസാരകുറ്റത്തിന് വെള്ളക്കാരന്‍ പൊലിസുകാരന്റെ വര്‍ണവെറിക്കിരയായി കൊല്ലപ്പെട്ടു. ഒരു പരിഷ്‌കൃത ജനസമൂഹമായി ലോകത്തിന് മുന്നില്‍ ഞെളിഞ്ഞ് നില്‍ക്കുന്ന അമേരിക്കയിലെ ഓരോ വെളുത്ത മനുഷ്യന്റെ ഉള്ളിലും കറുത്ത മനുഷ്യനെ പച്ചക്ക് തിന്നാന്‍ കൊതിക്കുന്ന ഒരു കിരാതന്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒരു കാലത്ത് അവിടുത്തെ ആദിവാസികളായിരുന്ന റെഡ് ഇന്ത്യന്‍ ജനതയെ നിഷ്‌കരുണം കൊന്നൊടുക്കിയതിന്റെ ചോരപ്പശിമ ഇപ്പോഴും അമേരിക്കയിലെ വെളുത്തവനില്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടെന്ന് നിരന്തരമായി അവിടെ സംഭവിക്കുന്ന ഇത്തരം അക്രമങ്ങള്‍ തെളിയിക്കുന്നു.
ബോള്‍സനാരോയുടെ 'അലര്‍ജി'
ഇപ്പോഴിതാ വംശവെറിയില്‍ ഉന്മത്തനായ ഒരു രാഷ്ട്രത്തലവന്‍ വീണ്ടും കറുത്തവനെ ചവിട്ടിത്തേക്കുന്നു. ബ്രസീലിയന്‍ പ്രസിഡണ്ട് ജയര്‍ ബോള്‍സനാരോ തന്റെ കൊട്ടാരസദൃശമായ ഓഫീസില്‍ മറ്റനേകം കലാസൃഷ്ടികള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചിരുന്ന 'ഓസ് ഒറിക്‌സാസ്' എന്ന ചിത്രം തല്‍സ്ഥാനത്തുനിന്ന് എടുത്ത് മാറ്റി പകരം അതേ ചിത്രകാരിയുടെ മറ്റൊരു ചിത്രത്തിന്റെ പകര്‍പ്പ് അവിടെ സ്ഥാപിക്കാന്‍ ഉത്തരവിടുകയും അതിന്റെ അടിസ്ഥാനത്തില്‍ 2019 ഓഗസ്റ്റില്‍ ചിത്രം മാറ്റുകയും ചെയ്തത് ബ്രസീലിയന്‍ സാംസ്‌കാരിക ലോകത്ത് വലിയ വിവാദമായിരിക്കുകയാണ്. ബ്രസീലിലെ അന്തരിച്ച പ്രമുഖ ചിത്രകാരി ഴാനിറ ദെ മോട്ട ഇ സില്‍വ 1966ല്‍ വരച്ച ഈ കലാസൃഷ്ടിക്ക് നാളിതുവരെയില്ലാത്ത എന്ത് അയോഗ്യതയാണ് പുതുതായി കണ്ടെത്തിയത് എന്നാണ് കലാലോകം ഇപ്പോള്‍ ചോദിക്കുന്നത്. അത്തരത്തില്‍ എന്തെങ്കിലും അയോഗ്യത ചിത്രകാരിക്കുണ്ടായിരുന്നെങ്കില്‍ അവരുടെ മറ്റൊരു ചിത്രത്തിന്റെ പകര്‍പ്പ് തല്‍സ്ഥാനത്ത് ഇടം പിടിക്കില്ലായിരുന്നല്ലോ എന്നും അവര്‍ സംശയിക്കുന്നു.
ചിത്രത്തോടുള്ള അനാദരവ്
ചിത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനാവശ്യമായ മ്യൂസിയോളജിക്കല്‍ നടപടികള്‍ക്കായാണ് മാറ്റിയതെന്നാണ് കൊട്ടാരം ആര്‍ട്ട് ക്യൂറേറ്ററുടെ മൊഴിയെങ്കിലും പ്രസിഡന്റ് ബോള്‍സനാരോയുടെ വര്‍ണ വിദ്വേഷമാണ് യഥാര്‍ഥ കാരണമെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. എടുത്തുമാറ്റപ്പെട്ട ചിത്രം 'ഓസ് ഒറിക്‌സാസ്' ആഫ്രിക്കയിലെ ഒരു വിഭാഗം ജനതയുടെ കാന്‍ഡംബ്ള്‍, ഉംബാന്‍ഡ എന്നീ മതങ്ങളുമായി ബന്ധപ്പെട്ട ആഫ്രോ ബ്രസിലീയന്‍ ദേവതമാരെ ചിത്രീകരിച്ചതായിരുന്നു. കറുത്തവന്റെ കറുത്ത ദൈവത്തെ ചിത്രീകരിച്ച കലാരചന വെളുത്തവനില്‍ ഉണ്ടാക്കുന്ന അസഹിഷ്ണുത തീവ്രമായതിന്റെ ഫലമാണ് ചിത്രം നീക്കം ചെയ്യല്‍. ചിത്രത്തോട് അനാദരവ് കാണിച്ചത് വഴി ചിത്രകാരിയെ മാത്രമല്ല എത്രയോ കാലങ്ങളായി ബ്രസീലില്‍ അടിമകളായി ജീവിച്ച ആഫ്രിക്കക്കാരെ മുഴുവനുമാണ് അവമതിച്ചെതെന്നാണ് പ്രതിഷേധക്കാര്‍ കരുതുന്നത്.
പകരം വച്ചത് പകര്‍പ്പ്
ആഫ്രിക്കയില്‍ ഉദയംകൊണ്ട കാന്‍ഡംബ്ള്‍ എന്ന മതം (ദൈവത്തെ ആദരിക്കാന്‍ നൃത്തം ചെയ്യൂ എന്നാണ് അര്‍ഥം) അവരുടെ അടിമജീവിതത്തിന്റെ ഭാഗമായി തെക്കേ അമേരിക്ക, കരീബിയന്‍ പ്രദേശങ്ങള്‍, ലാറ്റിന്‍ അമേരിക്ക തുടങ്ങി പല രാജ്യങ്ങളിലുമെത്തി. അവിടത്തെ മതവിശ്വാസങ്ങളുമായി അത് ഇടകലര്‍ന്നിട്ടുണ്ടെങ്കിലും ആഫ്രിക്കക്കാരുടെ അനന്തര തലമുറകള്‍ തങ്ങളുടെ പാരമ്പര്യമതത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നു. 2019 ജൂണ്‍ മാസത്തില്‍ പ്രസിഡന്റ് ബോള്‍സനാരോയെ സന്ദര്‍ശിച്ച ഇവാഞ്ചലിക്കല്‍ മിഷന്റെ നേതാക്കള്‍ കറുത്ത ദൈവങ്ങളുടെ ഈ രചന നേരത്തെ എടുത്തുമാറ്റേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടത്രെ.
അതേസമയം ചിത്രം അവിടെനിന്ന് മാറ്റിയ ക്യുറേറ്റര്‍ വലിയൊരു പിഴവുകൂടി വരുത്തിവച്ചു. ഴാനിറയുടെ പ്രായിയ ദോ നോര്‍ദെസ്ത (1960) എന്നചിത്രമാണെന്ന് നെയിം പ്ലെയ്റ്റ് വച്ച് അവരുടെ മറ്റൊരു ചിത്രമായ കടലില്‍ മീന്‍ പിടിക്കുന്ന മുക്കുവന്റെ കാന്‍വാസില്‍ അച്ചടിച്ച ഒരു പകര്‍പ്പാണ് അവിടെ പകരം വച്ചത്. ഇതേക്കുറിച്ച് വിമര്‍ശനമുയര്‍ന്നപ്പോള്‍ നെയിം പ്ലേയ്റ്റ് മാറിപ്പോയതാണെന്ന വിശദീകരണമാണ് കൊട്ടാരത്തില്‍ നിന്നു ലഭിച്ചത്. മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലാ ദെ സില്‍വയുടെ രണ്ടാമൂഴം തീരുംവരെ ക്യൂറേറ്റര്‍ സ്ഥാനത്തിരുന്ന റൊജേറിയൊ കാര്‍വെല്‍ഹൊ, ചിത്രം മാറ്റിയത് അഹങ്കാരമാണെന്ന് പ്രതികരിച്ചു. യാതൊരു കേടുപാടും നാളിതുവരെ പറ്റിയിട്ടില്ലാത്ത ആ ചിത്രം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയെന്ന് പ്രചരിപ്പിക്കുന്നതില്‍ മറ്റെന്തോ ഗൂഢലക്ഷ്യമുണ്ടെന്ന് സംശയിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബ്രസീലൊരു മതേതര രാജ്യമാണെന്നിരിക്കെ, അവിടത്തെ പ്രസിഡന്റിന്റെ മുറിയില്‍ ഒരു വിശുദ്ധന്റെയോ യേശുവിന്റെയോ ചിത്രം വയ്ക്കുന്നത് പോലെ സാധാരണമാണ് ആ ചിത്രവും. അത് മാത്രം മാറ്റുമ്പോള്‍ മറ്റെന്തോ ഉദ്ദേശം കാണാതിരിക്കില്ല. കാര്‍വാഹിയൊ തുടര്‍ന്ന് പ്രതികരിച്ചു. ചിത്രം അതിന്റെ പഴയ സ്ഥാനത്ത് തിരിച്ചെത്തണം. അതല്ലാതെ വേറെ പ്രായശ്ചിത്തമില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കൊട്ടാരത്തിലെ മൂന്നാം നിലയിലെ ഒരു മുറിയില്‍ ഴാനിറയുടെ പ്രായിയ ദെ നോര്‍ദെസ്‌തെ എന്ന ചിത്രത്തിന്റെ ഒറിജിനല്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതേ ചിത്രത്തിന്റെ പകര്‍പ്പ് തൊട്ടടുത്തുളള മറ്റൊരു മുറിയില്‍ പ്രദര്‍ശിപ്പിക്കുന്നതിലെ ഔചിത്യമില്ലായ്മയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവാഞ്ചലിക്കല്‍ അജണ്ട
ചിത്രം മാറ്റാന്‍ ബോള്‍സനാരോ കല്‍പ്പിച്ചതിന് പിന്നില്‍ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള അദ്ദേഹത്തിന്റെ ഭാര്യ മിഷല്ലെ ബോള്‍സനാരോയുടെ ആഗ്രഹമാണെന്ന് പറയപ്പെടുന്നു. കറുത്തവന്റെ ദൈവത്തെ ആരാധിക്കുന്നത് തന്റെ മതനീതിക്ക് നിരക്കുന്നതല്ലെന്ന മിഷല്ലെയുടെ വിശ്വാസമാണ് ബോള്‍സനാരോയെ നിര്‍ബന്ധിപ്പിച്ചതത്രെ. എന്നാല്‍ മ്യൂസിയം ഓഫ് ആര്‍ട് ഓഫ് സാവോ പോളോ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഴാനിറയുടെ സ്മരണാഞ്ജലിയായി ഒരു സഞ്ചരിക്കുന്ന പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. അതില്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയം അധികൃതര്‍ കൊട്ടാരത്തില്‍ നിന്ന് ഈ ചിത്രം കടമെടുത്തതിന്റെ ഭാഗമായി ചിത്രം മാറ്റിയതാണെന്ന ചില വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. അതു പക്ഷേ മ്യൂസിയം അധികാരികള്‍ നിഷേധിച്ചു. ഈ പ്രദര്‍ശനത്തിനായി തങ്ങള്‍ ചിത്രം വിലക്കെടുക്കാന്‍ സര്‍ക്കാരുമായി സംസാരിച്ചിരുന്നെങ്കിലും വില പ്രതീക്ഷിച്ചതിലും കൂടുതല്‍ ആവശ്യപ്പെട്ടതുകൊണ്ട് അത് നടന്നില്ലെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ വര്‍ണവെറി പുറത്തറിയാതിരിക്കാന്‍ വേണ്ടി നടത്തുന്ന കുപ്രചരണങ്ങളാണ് അവയെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിഗമനം. ഈ വിഷയത്തില്‍ അടുത്ത കാലത്ത് സാമൂഹിക മാധ്യമത്തിലൂടെ ബോള്‍സനാരോ ആരോപണമുന്നയിക്കുന്നവരെ അഭിസംബോധനചെയ്തു. സംഭവത്തില്‍ മതകീയമോ ജാതീയമോ ആയ ഒന്നുമില്ലെന്നും അത്തരത്തിലുളള പ്രചാരണം നാടിന് ഗുണം ചെയ്യില്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഭരണതന്ത്രത്തിന്റെ ഭാഗമാണെന്നും ഓരവല്‍ക്കരിക്കപ്പെട്ട വിഭാഗത്തോട് ഒട്ടും ആത്മാര്‍ഥതയില്ലാത്ത നിലപാടാണ് പ്രസിഡന്റ് അധികാരമേറ്റ ആദ്യനാള്‍ മുതല്‍ കണ്ടിട്ടുള്ളതെന്നും വിമര്‍ശകര്‍ പ്രതികരിച്ചു. ബോള്‍സനാരോ അധികാരമേറ്റതിനു ശേഷം സര്‍ക്കാരിലെ സാംസ്‌കാരിക വിഭാഗത്തെ മന്ദീഭവിപ്പിക്കുകയും കലാപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന ധനസഹായങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തത് ഇതിനുള്ള തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഴാനിറയും ഒസ് ഒറിക്‌സാസാസും
അന്തരിച്ച പ്രശസ്ത ബ്രസീലിയന്‍ ചിത്രകാരി ഴാനിറ ദെ മോട്ട ഇ സില്‍വ ജനനം കൊണ്ട് ഒരു സത്യവിശ്വാസിയായ ക്രിസ്ത്യാനിയായിരുന്നു. അവര്‍ തന്റെ 23ാമത്തെ വയസില്‍ ക്ഷയരോഗ ബാധിതയായി ഒരു സാനിട്ടോറിയത്തില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് ആദ്യമായി ഒരു രേഖാചിത്രം വരക്കുന്നത്. അത് ലോകമറിയുന്ന ഒരു കലാകാരിയാക്കി തന്നെ മാറ്റുമെന്ന് അന്ന് അവര്‍ തിരിച്ചറിഞ്ഞില്ലെങ്കിലും സാനിട്ടോറിയത്തിലെ വാസം അവളെ ഒരു ചിത്രകാരിയാക്കി. അസുഖം പൂര്‍ണമായി മാറിയതിന് ശേഷം അവര്‍ ചിത്രകല പഠിക്കുകയും തന്റെ ജീവിതം അതിനായി ഉഴിഞ്ഞുവയ്ക്കുകയും ചെയ്തു. ക്രിസ്ത്യാനിയാണെങ്കിലും അവര്‍ ഉംബാന്‍ഡ, കാന്‍ഡംബ്ള്‍ തുടങ്ങിയ ആഫ്രോബ്രസീലിയന്‍ മതങ്ങളുടെ അന്തഃസത്തയെ തന്റെ ചിത്രങ്ങള്‍ക്കു വിഷയമായി സ്വീകരിക്കുകയും ചെയ്തു. അക്കാലത്ത് പ്രസിദ്ധി നേടിയിരുന്ന നൈവ് ആര്‍ട്ട് കലാരീതിയില്‍ തന്റെ ചിതങ്ങള്‍ ആവിഷ്‌കരിക്കാന്‍ തുടങ്ങിയതോടെ അവരുടെ രചനകള്‍ ശ്രദ്ധേയങ്ങളായിത്തീര്‍ന്നു. അത്തരത്തിലുള്ള രൂപകങ്ങള്‍ ഉപയോഗിച്ച് ഴാനിറ രചിച്ച ചിത്രമാണ് ഒസ് ഒറിക്‌സാസ്. അതില്‍ ഇന്‍സ, ഓക്‌സം, നാന എന്നീ കാന്‍ഡംബ്ള്‍ ദേവതമാരെയാണ് ചിത്രീകരിച്ചിട്ടുളളത്. ഈ ദേവതമാര്‍ കറുത്തവന്റെ ആരാധനാമൂര്‍ത്തികളാണെന്ന ചിന്ത വെളുത്തവരെ നന്നായി പ്രകോപിക്കുന്നുണ്ടാവും. 2018ലെ ഇലക്ഷന്‍ കാംപയിന്‍ കാലം മുതല്‍ ബോള്‍സനാരോ കറുത്തവര്‍ക്കെതിരായിരുന്നു. ആഫ്രോബ്രസീലിയന്‍ ജനതയോടും തലമുറകള്‍ക്ക് മുമ്പ് അടിമകളായി ബ്രസീലില്‍ വന്നകറുത്തവരുടെ പിന്‍ഗാമികളോടും തികഞ്ഞ വിവേചനമാണ് അദ്ദേഹം കാണിച്ചിരുന്നത്.
ബ്രസീലിയന്‍ വംശവെറി
കൊവിഡ്-19 മഹാമാരിയുടെ കാലത്തും വംശവെറിയുടെ പേരില്‍ ഒരു രാഷ്ട്രത്തലവന്‍ അവിടുത്തെ ജനതയെ ക്രൂരമായി അവമതിക്കുന്നത് അസഹനീയമാണെന്ന് കറുത്തവര്‍ തന്നെ പറയാന്‍ തുടങ്ങുമ്പോഴും തന്റെ അധികാരത്തിന്റെ ഉരുക്കു മുഷ്ടികള്‍ ഉപയോഗിച്ച് അവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ് ബോള്‍സനാരോ. ഇപ്പോഴും ചേരികളിലാണ് ഭൂരിപക്ഷം ആഫ്രോ-ബ്രസീലിയന്‍ ജനതയും ജീവിക്കുന്നത്. ഒരു പരിഷ്‌കൃത സമൂഹമായിട്ടും ഒരു വിഭാഗമാളുകള്‍ നിറത്തിന്റെ പേരില്‍ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുമ്പോള്‍ മാനവികത വെറും കെട്ടുകഥകളാണെന്ന് തോന്നിപ്പോകുന്നു. വര്‍ണവെറിക്കെതിരെ പ്രവര്‍ത്തിക്കുന്ന കറുത്ത ജനതയുടെ അമ്പതോളം വരുന്ന ഗ്രൂപ്പുകള്‍ അവരുടെ ജീവിതം നകരതുല്യമാകുന്നത് സഹിക്കാതെ ബോള്‍സനാരോയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് നിയമനടപടികള്‍ക്ക് മുതിര്‍ന്നിരിക്കുകയാണിപ്പോള്‍. വെളുത്തവന് ഭൂരിപക്ഷമുളള ഒരു നാട്ടില്‍ കറുത്തവനെതിരെ വെളുത്തവന്‍ നടത്തുന്ന അതിക്രമങ്ങള്‍ ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്കയിലാണ് കറുത്തവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."