യു.എസിന്റെ ഭീകരവിരുദ്ധ യുദ്ധം അഭയാര്‍ഥികളാക്കിയത് 3.7 കോടി പേരെ
ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ യു.എസ് നടത്തിവരുന്ന ഭീകരവിരുദ്ധ യുദ്ധം 3.7 കോടി പേരെ അഭയാര്‍ഥികളാക്കിയതായി പഠന റിപ്പോര്‍ട്ട്.
യു.എസിലെ ബ്രൗണ്‍ യൂനിവേഴ്‌സിറ്റി തയാറാക്കിയ യുദ്ധത്തിന്റെ വില എന്ന പേരിലുള്ള റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. രണ്ടാം ലോകയുദ്ധമൊഴികെ 1900 മുതല്‍ നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളിലും ഭവനരഹിതരാക്കപ്പെട്ടവരെക്കാള്‍ കൂടുതല്‍ ആളുകളാണ് യു.എസിന്റെ ആക്രമണങ്ങള്‍ മൂലം അഭയാര്‍ഥികളായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ നാടും വീടും നഷ്ടപ്പെട്ട് അഭയാര്‍ഥികളായവരുടെ യഥാര്‍ഥ എണ്ണം 5.9 കോടി വരും.
അഫ്ഗാനിസ്ഥാന്‍, സോമാലിയ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അഭയാര്‍ഥികളില്‍ കൂടുതലും.
ഇവരിലധികവും സാധാരണക്കാരാണ്. 2003ലെ യു.എസ് അധിനിവേശത്തോടെ ഇറാഖില്‍ അഭയാര്‍ഥികളായത് 92 ലക്ഷം പേരാണ്.
2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമത്തെ തുടര്‍ന്ന് ജോര്‍ജ് ഡബ്ല്യു ബുഷ് പ്രഖ്യാപിച്ച ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധം രണ്ടു പതിറ്റാണ്ടായി തുടരുകയാണ്. ഇത്തരം യുദ്ധങ്ങളെ തുടര്‍ന്ന് അഭയാര്‍ഥികളായ നിരവധി പേരെ യു.എസ് സ്വീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിയറ്റ്‌നാം യുദ്ധത്തെ തുടര്‍ന്ന് 10 ലക്ഷം അഭയാര്‍ഥികളെയാണ് യു.എസ് സ്വീകരിക്കേണ്ടിവന്നത്. ഇവരില്‍ ചിലരെ ഗുവാമിലെ താല്‍ക്കാലിക ക്യാംപുകളില്‍ പാര്‍പ്പിച്ചു. വേറെ ചിലരെ കാലിഫോര്‍ണിയയിലെ യു.എസ് മറൈന്‍ കോര്‍പ്‌സ് ക്യാംപുകളിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."