ബഹ്‌റൈനില്‍ 'യൂത്ത് സിറ്റി-2030' ഒരു മാസത്തെ വേനല്‍ ക്യാമ്പിന് തുടക്കമായി
മനാമ: ബഹ്‌റൈനിലെ ശ്രദ്ധേയമായ വേനല്‍ക്കാല ക്യാമ്പിന് സല്‍മാനിയയില്‍ തുടക്കമായി. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ക്യാമ്പിന് 'യൂത്ത് സിറ്റി-2030' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്‌പോര്‍ട്‌സ് യുവജന കാര്യ മന്ത്രി ഹിശാം അല്‍ ജൗദര്‍ പങ്കെടുത്തു.
യുവജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ രക്ഷാധികാരത്തിലാണ് പരിപാടി നടക്കുന്നത്.
നേതൃത്വം, ഒരുക്കം, ശാസ്ത്രസാങ്കേതികം, മാധ്യമങ്ങളും കലയും എന്നിങ്ങനെ നാലു വിഷയങ്ങളിലാണ് പരിപാടികള്‍. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി 'യൂത്ത് സിറ്റി' വഴി നേതൃത്വഗുണമുള്ള തലമുറയെ വാര്‍ത്തെടുക്കാനായിട്ടുണ്ടെന്ന് യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് അഫയേഴ്‌സ് മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഈമാന്‍ ജനാഹി പറഞ്ഞു. ഇതു വരും വളര്‍ഷങ്ങളിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓറിയന്റേഷന്‍ ക്ലാസുകള്‍ ഇന്നു സമാപിക്കും. ആഗസ്റ്റ് 24വരെ സനാബിസിലെ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്. ഏകദേശം 2,300ലധികം യുവതീ- യുവാക്കള്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കായി 81 ഇനങ്ങളിലായാണ് പ്രോഗ്രാമുകള്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."