വധശ്രമം: പ്രതി കണ്ണായി ഡേവിസിന് അഞ്ചു വര്‍ഷം തടവ്
പുത്തന്‍ചിറ: കൊരട്ടി അന്നനാട് സ്വദേശി പണിക്കശ്ശേരി വീട്ടില്‍ സിന്ധുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പുത്തന്‍ചിറ കണ്ണായി ഡേവിസ്സിന് അഞ്ചു വര്‍ഷം തടവ്. ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി കെ. ഷൈന്‍ ആണ് ശിക്ഷവിധിച്ചത്. 2014ല്‍ പുത്തന്‍ചിറയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പ്രതിയുടെ പാടശേഖരത്തിന് സമീപത്തെ വസ്തു ഉടമയായ സിന്ധുവിനാണ് വെട്ടേറ്റത്. സിന്ധുവിന്റെ തറവാട്ടു വഹകളിലൂടെ വഴി വെട്ടുവാന്‍ അനുവദിക്കാത്തതാണു പ്രതിയെ പ്രകോപിതനാക്കിയത്. തലയോട്ടിയിലും തടുത്തപ്പോള്‍ കൈയിലും മാരകമായി പരുക്കേറ്റ സിന്ധുവിന്റെ വിരലുകള്‍ അറ്റുപോയിരുന്നു. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കൈയുടെ ആകൃതി മാത്രമേ വീണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ. തടയാന്‍ ചെന്ന ഭര്‍ത്താവ് ബാബുവിനേയും പ്രതി ആക്രമിച്ചിരുന്നു.
ഒളിവില്‍ പോയ പ്രതിയെ മാള പൊലിസ് എസ്.ഐ സചിന്‍ ശശി അറസ്റ്റ് ചെയ്ത് ആയുധം കണ്ടെടുത്തത് സുപ്രധാന തെളിവായിരുന്നു. പരുക്കേറ്റ സിന്ധു പിന്നീട് 23.5 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് അഡ്വ. പി.ആര്‍ ആനന്ദന്‍ മുഖേന ഫയലാക്കിയ നഷ്ട പരിഹാര കേസില്‍ പ്രതി ഡേവിസ്സിന്റെ വസ്തു വഹകള്‍ കോടതി ജപ്തി ചെയ്തിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ ചില സാക്ഷികള്‍ കൂറുമാറുകയും ഒരു ദൃക്‌സാക്ഷി മരണപ്പെടുകയും ചെയ്തിരുന്നു. പതിനഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ഡേവിസ്സിന് ശിക്ഷ ലഭിക്കുന്നത് ഇതാദ്യമായാണ്. പ്രോസിക്യൂഷനു വേണ്ടി പി.ജെ ജോബി, ജിഷ ജോബി, ശിശിര്‍, ആള്‍ജോ പി. ആന്റണി എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."