ചാലിപ്പാടത്ത് വിദ്യാര്‍ഥിക്ക് എലിപ്പനി
വടക്കാഞ്ചേരി: പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍നിന്ന് നാട് മുക്തമാകും മുന്‍പേ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി പകര്‍ച്ചവ്യാധി ഭീഷണി. മലിനജലം കയറി ജലസ്രോതസുകളെല്ലാം മുങ്ങിപ്പോയ ഇടങ്ങളില്‍ നഗരസഭയുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ മഹാശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് വടക്കാഞ്ചേരിയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ചാലിപ്പാടം സ്വദേശിയും പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ 15 കാരനാണ് എലിപ്പനി സ്ഥിരീകരിച്ചത്.
കടുത്ത പനിബാധയെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യ വകുപ്പ് നഗരസഭ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരംഭിച്ചിട്ടുണ്ട്. വിദഗ്ധ മെഡിക്കല്‍ സംഘം ചാലിപ്പാടം മേഖലയിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മരുന്ന് വിതരണം ആരംഭിച്ചു. ആവശ്യമെങ്കില്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കാനും പ്രതിരോധത്തിനായി ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കാനും ധാരണയായി. കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തും. ശുദ്ധജലം ജനങ്ങളിലെത്തിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു. പനിയും, മറ്റ് പകര്‍ച്ചവ്യാധികളും പടര്‍ന്ന് പിടിക്കാതിരിയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."